ഇടതു സര്‍ക്കാര്‍ പ്രളയം പോലെയുള്ള ദുരന്തം; അഹന്തയ്ക്കുള്ള നൊബേല്‍ പിണറായി വിജയന് നല്‍കണം: മുല്ലപ്പള്ളി

കേരളത്തിലെ പൊതുസമൂഹം പിണറായിയോട് പറയുന്നത് മാറിനില്‍ക്ക് എന്നാണെന്നു മുല്ലപ്പള്ളി
ഇടതു സര്‍ക്കാര്‍ പ്രളയം പോലെയുള്ള ദുരന്തം; അഹന്തയ്ക്കുള്ള നൊബേല്‍ പിണറായി വിജയന് നല്‍കണം: മുല്ലപ്പള്ളി

കോഴിക്കോട്: പ്രളയത്തെ പോലെയുള്ള ദുരന്തമാണ് പിണറായി സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യയില്‍ ഏറ്റവും അഹന്തയുള്ള നേതാവാണ് പിണറായി വിജയന്‍. അഹന്തയ്ക്കുള്ള നൊബേല്‍ സമിതിയില്‍ അംഗമായിരുന്നെങ്കില്‍ പിണറായി വിജയന് ആ പൊന്‍കീരിടം വെച്ചുനല്‍കുമെന്ന് മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

പിണറായിക്കെതിരായ വികാരമാണ് ഈ തെരഞ്ഞടുപ്പില്‍ ഉണ്ടായത്.കൊലച്ചിരി ചിരിച്ചുകൊണ്ടാണ് ശൈലി മാറ്റില്ലെന്ന് പിണറായി പറയുന്നത്.  കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയ്ക്ക് മുന്നില്‍ കൊഞ്ഞനം കാട്ടുകയാണ് പിണറായി.  ഒരു വിനയവും ഇല്ല. ജനങ്ങളെ ദാസന്‍മാരായി കാണാന്‍ പിണറായിക്ക് കഴിയില്ല.ഒരു നാടുവാഴി സംസ്‌കാരത്തിന്റെ പ്രതിപുരുഷനാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മാധ്യമങ്ങളോട് മാറിനില്‍ക്കാനും കടക്ക് പുറത്ത്  എന്നുമാണ് പിണറായി പറഞ്ഞത്. മതമേലധ്യക്ഷനെ നോക്കി പറഞ്ഞത് നികൃഷ്ടജീവി എന്നാണ്, സമുദായ നേതാവിനെ വിളിച്ചത് മാടമ്പിയെന്നാണ്, മലയാളിയായ പാര്‍ലമെന്റേറിയനെ വിളിച്ചത് പരനാറി എന്നാണ്. ഇത് ആര്‍ക്ക് പറ്റിയ വിശേഷണമാണെന്ന് മുഖ്യമന്ത്രി ചിന്തിക്കണം.എന്നാല്‍ കേരളത്തിലെ പൊതുസമൂഹം പിണറായിയോട് പറയുന്നത് മാറിനില്‍ക്ക് എന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു

പിണറായിക്ക് കുറെ അനുയായികളുണ്ട്. അദ്ദേഹത്തെ അന്ധമായി അനുകരിക്കുന്ന അടിമകളാണ് അവര്‍. അതില്‍ ഒന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍. സ്റ്റാലിനിസ്റ്റായ പിണറായിയുടെ ശൈലിയാണ് തുടരുന്നത്. പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ട് ഇന്ന് തന്നെ രാജ്ഭവനില്‍ പോയി രാജിസമര്‍പ്പിക്കാന്‍ പിണറായി തയ്യാറാവണമെന്ന് മുല്ലപ്പള്ളി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com