ഉടക്കി നില്‍ക്കുന്ന ജയദേവനെ പാര്‍ട്ടി സ്‌കൂളിലേക്ക് തട്ടാന്‍ സിപിഐ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കനത്ത തോല്‍വിയെക്കുറിച്ച് മുന്‍ എംപി സിഎന്‍ ജയദേവന്‍ പറഞ്ഞത് കാര്യമാക്കി എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ
ഉടക്കി നില്‍ക്കുന്ന ജയദേവനെ പാര്‍ട്ടി സ്‌കൂളിലേക്ക് തട്ടാന്‍ സിപിഐ

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കനത്ത തോല്‍വിയെക്കുറിച്ച് മുന്‍ എംപി സിഎന്‍ ജയദേവന്‍ പറഞ്ഞത് കാര്യമാക്കി എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ. സിറ്റിങ് എംപിയെ മാറ്റിയതു ജനം ചര്‍ച്ച ചെയ്തിരിക്കാമെന്നായിരുന്നു പരാജയത്തിനു ശേഷം ജയദേവന്‍ പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭയിലെ ഏക സിപിഐ എംപിയായിരുന്നു ജയദേവന്‍. ജയദേവനെ വൈകാതെ പാര്‍ട്ടി സ്‌കൂളിന്റെ സംസ്ഥാന ചുമതലയിലേക്കു മാറ്റുമെന്നാണു സൂചന. പൊതുധാരയില്‍നിന്നു പാര്‍ട്ടിധാരയിലേക്കുള്ള മാറ്റമായിരിക്കുമത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ ജയദേവന്‍ ഇടഞ്ഞാണ് നിന്നിരുന്നത്. തന്നെ മാറ്റിയതു ജനം ചര്‍ച്ച ചെയ്യുമെന്ന് അന്ന് അദ്ദേഹം പറഞ്ഞു. അതുതന്നെ പരാജയത്തിനുശേഷവും ആവര്‍ത്തിച്ചു. സിപിഐയുടെ രീതിയനുസരിച്ചു പാര്‍ട്ടി വേദിയില്‍ മാത്രം പറയേണ്ട കാര്യമാണിത്. പരാജയവും സ്ഥാനാര്‍ഥി നിര്‍ണയവും പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണു ജയദേവന്‍ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ജയദേവന്റെ അഭിപ്രായം പാര്‍ട്ടി തലത്തില്‍ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ല. ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു.

സിഎന്‍ ജയദേവന്റെ അതൃപ്തി ഗൗരവമായി എടുക്കാതെ പാര്‍ട്ടി മുന്നോട്ടുപോകുമെന്നാണു സൂചന. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കു വിളിക്കുന്നതില്‍ കാണിച്ച മടിതന്നെ പാര്‍ട്ടി ഘടകങ്ങളുടെ ഇക്കാര്യത്തിലുള്ള നിലപാടായിരുന്നു. സിറ്റിങ് എംപി എന്ന നിലയില്‍ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പാര്‍ട്ടിയും എല്‍ഡിഎഫും നടപ്പാക്കിയ വികസന പ്രവര്‍ത്തനം വിശദീകരിക്കേണ്ടത് ജയദേവനായിരുന്നു. തന്നെ മാറ്റിയത് ചര്‍ച്ച ചെയ്യണമെന്ന് ജയദേവന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും അതു നടക്കാനുള്ള സാധ്യത കുറവാണ്.

പാര്‍ട്ടി സ്‌കൂള്‍ അടുത്ത കാലത്തായി സജീവമല്ല. താത്വിക ഗുരുവായിരുന്ന വി.ജോര്‍ജിന്റെ മരണശേഷം ഇക്കാര്യത്തില്‍ പാര്‍ട്ടി കാര്യമായി ശ്രദ്ധിച്ചിട്ടില്ല. ജോര്‍ജിന്റ സഹായിയായി പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയിലാണ് ജയദേവനെ അതിന്റെ പൂര്‍ണചുമതലക്കാരനാക്കുന്നത്. ഇപ്പോഴും അദ്ദേഹത്തിനു പാര്‍ട്ടി ക്ലാസിന്റെ അധിക ചുമതലകൂടിയുണ്ട്. സ്‌കൂളിന്റെ ചുതമലക്കാരനാകുന്നതോടെ പാര്‍ട്ടി പൊതുധാരയില്‍ പ്രവര്‍ത്തിക്കാന്‍ സമയം അധികം കിട്ടില്ല. തല്‍ക്കാലം ജയദേവനുമായി ഉടക്കി അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആരും ആവശ്യപ്പെടില്ല. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കുവിട്ടു പാര്‍ട്ടി പ്രശ്‌നം അവസാനിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com