'എന്റെ കാളപെറ്റു, ആ കയറെടുത്തെ...'; ദീപയെ ട്രോളി അനില്‍ അക്കര

രമ്യ ഹരിദാസിനെ ട്രോളിയ ഇടതുസഹയാത്രിക ദീപ നിശാന്തിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര
'എന്റെ കാളപെറ്റു, ആ കയറെടുത്തെ...'; ദീപയെ ട്രോളി അനില്‍ അക്കര

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ട്രോളിയ ഇടതുസഹയാത്രിക ദീപ നിശാന്തിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര രംഗത്ത്. 'എന്റെ കാളപെറ്റു, ആ കയറെടുത്തെ' എന്ന തലക്കെട്ടോടെ കാളയുടെ ചിത്രം പങ്കുവെച്ചാണ് എംഎല്‍എയുടെ പരിഹാസം. രമ്യ ഹരിദാസിനെതിരായ ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അനില്‍ അക്കരയുടെ പോസ്റ്റ്. 

രമ്യക്കെതിരെ പോസ്റ്റിട്ട ദീപ നിശാന്തിന്റെ നടപടിക്കെതിരായ വിമര്‍ശനം സൈബര്‍ ലോകത്ത് കൊഴുക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് അനില്‍ അക്കരയുടെ പ്രതികരണം. 'ദീപ ടീച്ചറേ നന്ദി' എന്ന് പറഞ്ഞ് രമ്യ ഹരിദാസിന്റെ പേരിലുളള ഫെയ്‌സ്ബുക്ക് പേജില്‍ ദീപ നിശാന്തിന്റെ ചിത്രത്തൊടൊപ്പമുളള കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോര് മുറുകിയത്. രമ്യ ഹരിദാസിന്റെ പോസ്റ്റ് കണ്ട് ദീപ നിശാന്ത് രമ്യക്കെതിരെ തിരിഞ്ഞു.

 'വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ്. ശബരിമലയില്‍ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടര്‍മാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം. വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്. 'ചുരുങ്ങിയ ചിലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ...' ദീപ കുറിച്ചു. 

എന്നാല്‍ വ്യാജ പേജില്‍ വന്ന പോസ്റ്റിന് രമ്യക്ക് മറുപടി നല്‍കിയ ദീപാ നിശാന്തിന് അബദ്ധം പറ്റിയെന്നാണ് സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നത്.  കാര്യങ്ങള്‍ വിശദമായി പരിശോധിക്കാതെ രമ്യക്കെതിരെ തിരിഞ്ഞ ദിപ നിശാന്തിനെ പരിഹസിക്കുകയാണ് അനില്‍ അക്കര എംഎല്‍എ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com