എല്‍നിനോ കാരണം 'അപ്‌വെല്ലിങ്' നടക്കുന്നില്ല; മത്തി കിട്ടാക്കനിയാകും, തീരം പ്രതിസന്ധിയിലേക്ക് 

കേരളത്തിന്റെ തീരപ്രദേശത്ത് ഈ വര്‍ഷവും മത്തിയുടെ ലഭ്യത കുറയുമെന്ന് ഗവേഷകര്‍
എല്‍നിനോ കാരണം 'അപ്‌വെല്ലിങ്' നടക്കുന്നില്ല; മത്തി കിട്ടാക്കനിയാകും, തീരം പ്രതിസന്ധിയിലേക്ക് 

കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് ഈ വര്‍ഷവും മത്തിയുടെ ലഭ്യത കുറയുമെന്ന് ഗവേഷകര്‍. വരള്‍ച്ച തുടരുന്ന സാഹചര്യത്തില്‍ സമുദ്രത്തിലെ 'അപ്‌വെല്ലിങ്' പ്രതിഭാസം ഉണ്ടാകാത്തതിനാലാണ് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍  ലഭ്യത കുറയുന്നത്. ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഇത് പ്രതികൂലമായി ബാധിക്കും.

സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള ഒഴുക്കാണ് 'അപ്‌വെല്ലിങ്'. സമുദ്രാന്തര്‍ഭാഗത്തുള്ള തണുത്ത വെള്ളം മുകള്‍ത്തട്ടിലേക്ക് വരുന്നത് ഈ സമയത്താണ്. ഈ വെള്ളത്തിനൊപ്പമാണ് മീന് ആവശ്യമായ  തീറ്റയും മുകളിലേക്ക് വരുന്നത്. ഇത് സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിലാണ് സംഭവിക്കുന്നത്.

മത്തിയുടെ ഉല്‍പ്പാദനത്തിലെ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും എല്‍നിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ പഠനങ്ങള്‍ സൂചന നല്‍കുന്നു. എല്‍നിനോ തീവ്രതയിലെത്തിയാല്‍ മത്തിയുടെ വളര്‍ച്ച മുരടിപ്പുണ്ടാകും.  കുഞ്ഞുങ്ങളുമുണ്ടാവില്ല. എന്‍നിനോ മൂലം 'അപ്‌വെല്ലിങ്' നടക്കാത്തതിനാല്‍ മത്തിക്ക് വളരാന്‍ ആവശ്യമായ ഭക്ഷണം ലഭിക്കാത്തതാണ് ഇതിന് കാരണം.

കേരളത്തില്‍ 2012ല്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. 8,39,000 ടണ്‍ മത്തിയാണ് അന്ന് ലഭിച്ചത്. എന്നാല്‍, എല്‍നിനോയുടെ വരവോടെ അടുത്ത ഓരോ വര്‍ഷവും ഗണ്യമായി കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രമായതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. 2016ല്‍ 48,000 ടണ്‍ മത്തി മാത്രമാണ് കേരള തീരത്തുനിന്ന് കിട്ടിയത്. തുടര്‍ന്ന് എല്‍നിനോ ദുര്‍ബലമായതോടെ 2017ല്‍ മത്തിയുടെ ലഭ്യത കൂടി. 2017ല്‍ കേരള തീരത്തുനിന്ന് 77,000 ടണ്‍ മത്തി ലഭിച്ചു. 2018ല്‍ എല്‍നിനോ വീണ്ടും സജീവമായതാണ് ഇപ്പോഴത്തെ കുറവിന് കാരണം.

കേരള തീരദേശത്ത് ഏതാണ്ട് 77,000 കുടുംബങ്ങളാണ് സീസണില്‍ ലഭിക്കുന്ന മത്തി വിറ്റ് ജീവിക്കുന്നത്.  ഏകദേശം 1,15,000 മത്സ്യത്തൊഴിലാളികള്‍  പ്രതിസന്ധിയിലാകും. അതേസമയം, സംസ്ഥാനത്തെ വിപണിയില്‍ മത്തിലഭ്യത കുറവുണ്ടാകാന്‍ സാധ്യതയില്ല. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലെ കാളമുക്ക്, തൃശൂരിലെ ചേറ്റുവ, പൊന്നാനി എന്നിവിടങ്ങളില്‍ നിത്യവും മത്തി എത്തും. എന്നാല്‍, വലിയ വില നല്‍കേണ്ടതായി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com