പിണറായി വിജയന്‍ ശ്രമിക്കുന്നത് അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ; സിപിഎമ്മിന്റെ അടിയന്തരവും കഴിച്ചശേഷമേ പിണറായി പോകൂവെന്ന് കെ മുരളീധരന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് വിജയത്തില്‍ പിണറായി വിജയനും പങ്കുണ്ട്. അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്
പിണറായി വിജയന്‍ ശ്രമിക്കുന്നത് അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ; സിപിഎമ്മിന്റെ അടിയന്തരവും കഴിച്ചശേഷമേ പിണറായി പോകൂവെന്ന് കെ മുരളീധരന്‍

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് വിജയത്തില്‍ പിണറായി വിജയനും പങ്കുണ്ട്. അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. സിപിഎം ആകെ അവശേഷിക്കുന്നത് കേരളത്തിലാണ്. ഇവിടെയും കൂടി പാര്‍ട്ടിയുടെ അടിയന്തരം കഴിച്ചതിന് ശേഷമേ പിണറായി പോകുകയുള്ളൂവെന്നും മുരളീധരന്‍ പരിഹസിച്ചു. 

കേന്ദ്ര സര്‍ക്കാരിനും കേരള സര്‍ക്കാരിനുമെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ശബരിമല വിഷയത്തിലെ ജനവികാരവും സംസ്ഥാന സര്‍ക്കാരിനെതിരെ ഉണ്ടായെന്ന് കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടത്. 

2004 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടാതിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി രാജിവെച്ചിരുന്നു. ആ മാതൃക പിണറായിക്ക് പിന്തുടരാം. എന്നാല്‍ അതൊന്നും പിണറായിയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ തീരുമാനിച്ചുകഴിഞ്ഞു. ആര് വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വികാരം ഭാവിയില്‍ നിലനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിന് സംഘടനാപരമായ കെട്ടുറപ്പ് ആവശ്യമാണ്. അതിന് സമ്പൂര്‍ണമായ പുനഃസംഘടന ആവശ്യമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ്, അസംബ്ലി തെരഞ്ഞെടുപ്പ് എന്നിവയെല്ലാം വരികയാണ്. അടുത്ത രണ്ടുവര്‍ഷം ഇലക്ഷനുകളുടെ ഒരു പരമ്പരയാണ്. അത് നേരിടാനുള്ള കരുത്ത് നേടാന്‍ പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com