ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് നടത്തിയത്; വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വിജയരാഘവന്‍ 

 ആലത്തൂരിലെ നിയുക്ത എംപി രമ്യഹരിദാസിനെതിരെ നടത്തിയത് രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍
ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് നടത്തിയത്; വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വിജയരാഘവന്‍ 

തിരുവനന്തപുരം:  ആലത്തൂരിലെ നിയുക്ത എംപി രമ്യഹരിദാസിനെതിരെ നടത്തിയത് രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മുസ്ലീം ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയ വിമര്‍ശനം നടത്തുക മാത്രമാണ് ചെയ്തത്. വ്യക്തിപരമായ വിമര്‍ശനം നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ തന്റെ പരാമര്‍ശത്തെ എല്‍ഡിഎഫിനെതിരായി ഉപയോഗിച്ചുവെന്നും വിജയരാഘവന്‍ പറഞ്ഞു.

രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ പരാജയത്തിന് കാരണമായെന്ന് സിപിഎം നേതാവും മന്ത്രിയുമായ എ കെ ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്.വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാം.വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി സമഗ്രമായി അന്വേഷിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിജയരാഘവന്റെ ന്യായീകരണം.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. വിജയരാഘവനെതിരായ മാനഹാനി പരാതിയില്‍ തന്നെ വിളിക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ല. യുഡിഎഫിന്റെ നിര്‍ദേശമനുസരിച്ച് പരാതിയുമായി മുന്നോട്ടുപോകുമെന്ന് രമ്യഹരിദാസ് പറഞ്ഞു.

പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രമ്യ ഹരിദാസിനെതിരെയായ വിജയരാഘവന്റെ വിവാദ പ്രസ്താവന. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com