വഴിപാട് സ്വര്‍ണത്തില്‍ കുറവില്ല; പ്രചാരണം ശബരിമലയെ തകര്‍ക്കാനുളള ശ്രമം: ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ 

മഹസര്‍ പരിശോധിച്ചശേഷം സ്‌ട്രോങ് റൂം തുറന്നുപരിശോധിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും
വഴിപാട് സ്വര്‍ണത്തില്‍ കുറവില്ല; പ്രചാരണം ശബരിമലയെ തകര്‍ക്കാനുളള ശ്രമം: ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ 

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെളളിയിലും കുറവ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധനകള്‍ക്കായി ഓഡിറ്റിങ് വിഭാഗം ദേവസ്വം ഓഫീസിലെത്തി. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിങ് സംഘം പത്തനംതിട്ട ദേവസ്വം ഓഫീസിലാണ് പരിശോധനയ്ക്കായി എത്തിയത്. ഓഡിറ്റിങ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം സ്‌ട്രോങ് റൂം മഹസര്‍ ഓഫീസിലെത്തിച്ചിട്ടുണ്ട്. മഹസര്‍ പരിശോധിച്ചശേഷം സ്‌ട്രോങ് റൂം തുറന്നുപരിശോധിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിലവിലെ 2017 മുതലുളള മൂന്നുവര്‍ഷത്തെ വഴിപാട്  സ്വത്തുവിവരങ്ങളാണ് ഓഡിറ്റിങ് വിഭാഗം തേടുന്നത്.

അതേസമയം ശബരിമലയിലെ വഴിപാട് സ്വര്‍ണത്തില്‍ കുറവില്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എല്ലാ വിവരങ്ങളും മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറിച്ചുളള പ്രചാരണം ശബരിമലയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സ്‌ട്രോങ് റൂം തുറക്കേണ്ട ആവശ്യമില്ലെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ 40 കിലോയുടെയും വെളളിയില്‍ 100 കിലോയുടെയും കുറവ് വന്നുവെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സ്വര്‍ണവും വെള്ളിയും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന്റെ രേഖകളില്ല. ഇതേത്തുടര്‍ന്ന് ശബരിമലയുടെ ആറന്മുളയിലുള്ള സ്‌ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധന നടത്താനായിരുന്നു ഇന്നലെ ഓഡിറ്റ് വിഭാഗം തീരുമാനിച്ചിരുന്നത്. 

ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണവും വെള്ളിയും അടക്കം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. 2017 കാലയളവിന് ശേഷം ഭക്തര്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണം, ഭണ്ഡാരം വഴി ലഭിക്കുന്ന സ്വര്‍ണം എന്നിവ ശബരിമലയിലെ ഫോര്‍എ രജിസ്റ്ററില്‍ രേഖപ്പെടുത്തും.  ഇത്തരത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത് പിന്നീട് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുമ്പോള്‍, അത് രജിസ്റ്ററിലെ 8ാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തണം. വഴിപാടായി ലഭിച്ച സ്വര്‍ണം എത്ര അളവില്‍ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയെന്നത് ഈ കോളത്തില്‍ കൃത്യമായി ചേര്‍ത്തിരിക്കണം. 

ഇങ്ങനെ കാണാത്ത സ്വര്‍ണ്ണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഓഡിറ്റ് വിഭാഗം നടത്തുന്നത്. ഭക്തര്‍ നല്‍കിയ 40 കിലോ സ്വര്‍ണവും 100 കിലോയോളം വെള്ളിയും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന്റെ രേഖകളാണ് ഇല്ലാത്തത്. എന്നാല്‍ ഇത്രയും സ്വര്‍ണം ശബരിമലയില്‍ വഴിപാടായി ലഭിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. 

രേഖകളില്‍ രേഖപ്പെടുത്താന്‍ മറന്നുപോയതാണെങ്കില്‍, ആറന്മുളയിലെ സ്‌ട്രോംഗ് റൂമിലെ രജിസ്റ്ററിലും ലഭിച്ച സ്വര്‍ണത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കും. ശബരിമലയിലെ രേഖകളില്‍ രേഖപ്പെടുത്താത്ത സ്വര്‍ണ്ണത്തെക്കുറിച്ച്, ആറന്മുളയിലെ സ്‌ട്രോംഗ് റൂമിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയാണോ, സ്വര്‍ണം കാണാതായതാണോ എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ. 

ശബരിമലയില്‍ സ്വര്‍ണം കാണാതായെന്ന വാര്‍ത്ത സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായിട്ട് ഇതിന്റെ ചുമതല മാറുമ്പോള്‍ ഉദ്യോഗസ്ഥന്‍ കൃത്യമായ കണക്ക് ബോധിപ്പിക്കാറില്ല. ഇതുസംബന്ധിച്ച പരാതി ലഭിച്ചപ്പോള്‍ പരിശോധന നടത്തുകയാണ്. അല്ലാതെ വാര്‍ത്തകല്‍ പ്രചരിക്കുന്നതുപോലെ ഇപ്പോള്‍ കുറവുണ്ടായതല്ല. എന്തായാലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com