'ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടത്'; ജോയ് മാത്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാവുന്നത്
'ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടത്'; ജോയ് മാത്യൂ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാവുന്നത്. അദ്ദേഹത്തിന്റെ ശൈലിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. അദ്ദേഹം ശൈലി മാറ്റണമെന്നും ഒരു നേതാവ് എന്ന നിലയില്‍ ഏറ്റവുമധികം വേണ്ടത് വിനയമാണെന്നും ഒക്കെ ഒരു വിഭാഗം വാദിക്കുമ്പോള്‍, അദ്ദേഹം ശൈലി മാറ്റേണ്ടതില്ല എന്നതിലാണ് മറുവിഭാഗം ഊന്നുന്നത്. വിഷയത്തില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായ സിപിഐയുടെ നേതാവായ ബിനോയ് വിശ്വം  നടത്തിയ പ്രസ്താവന കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ശൈലി മാറ്റണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇപ്പോള്‍ ഈ ചര്‍ച്ചയില്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യൂ.

മുഖ്യമന്ത്രി കസേരയിലേക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിര്‍ദേശിച്ചു കൊണ്ടുളളതാണ് ജോയ് മാത്യൂവിന്റെ പോസ്റ്റ്.'ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും' - ജോയ് മാത്യൂ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയാണ് പരാജയത്തിന് കാരണമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. 

എന്നാല്‍ തന്റെ ശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com