ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ്; മാലിന്യ സംസ്‌കരണത്തിന് പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം

ഇതിലൂടെ ആനപ്പിണ്ടം ഫലപ്രദമായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ്; മാലിന്യ സംസ്‌കരണത്തിന് പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം

തൃശൂര്‍; ആനപ്പിണ്ടത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം. ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് നിര്‍മിക്കാനാണ് ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. ഇതിലൂടെ ആനപ്പിണ്ടം ഫലപ്രദമായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് പ്രാഥമിക രൂപരേഖയായി. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അനകളുടെ അവകാശമുള്ള ഗുരുവായൂര്‍ ദേവസ്വത്തിന് ആനപ്പിണ്ടം സംസ്‌കരിക്കുക എന്നത് ഒരു തലവേദനയാണ്. ദേവസ്വത്തിന് 48 ആനകളാണ് ഉള്ളത്. ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലെ ആനത്താവളത്തില്‍ നിന്ന് ആനപ്പിണ്ടം നീക്കം ചെയ്യുന്നത് കരാര്‍ അടിസ്ഥാനത്തിലാണ്. വര്‍ഷം 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. ദിവസേന എട്ട് ടണ്‍ മുതല്‍ പത്ത് ടണ്‍ വരെ മാലിന്യം മാറ്റേണ്ടതായി വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനപ്പിണ്ടത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുന്നത്. 

ആനപ്പിണ്ടത്തില്‍ നാരുകള്‍ ഏറെയാണ്. കൂടാതെ കടലാസ് നിര്‍മാണത്തിന് ആവശ്യമായ സെല്ലുലോസും കൂടുതലാണ്. ശ്രീലങ്ക, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. രണ്ട് ഘട്ടമായി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന രൂപരേഖയാണ് വെറ്ററിനറി സര്‍വകലാശാല സംരംഭകത്വ വിഭാഗം മുന്‍ ഡയറക്ടര്‍ ടി.പി സേതുമാധവന്‍ ദേവസ്വത്തിന് നല്‍കിയത്. സാങ്കേതിക സാധ്യത പ്രയോജനപ്പെടുത്തിയുള്ള ഗവേഷണകേന്ദ്രത്തോടുകൂടിയ സംവിധാനമാണ് ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇരുപ്പത്തിഏഴ് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com