പത്തൊമ്പതിന്റെ ആവേശത്തില്‍ വര്‍ത്തമാനം പറയരുത്; മസാലബോണ്ട് രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം: ചെന്നിത്തലയോട് ഐസക്

കിഫ്ബി മസാലാബോണ്ട് വിവാദത്തില്‍ നിയസമഭയില്‍ പ്രതിപക്ഷാരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.
പത്തൊമ്പതിന്റെ ആവേശത്തില്‍ വര്‍ത്തമാനം പറയരുത്; മസാലബോണ്ട് രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം: ചെന്നിത്തലയോട് ഐസക്

തിരുവനന്തപുരം: കിഫ്ബി മസാലാബോണ്ട് വിവാദത്തില്‍ നിയസമഭയില്‍ പ്രതിപക്ഷാരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. മസാലബോണ്ടില്‍ ഏറ്റവും ചുരുങ്ങിയ പലിശനിരക്കാണ് എന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്താമക്കി. 

ലാവ്‌ലിനുമായിട്ട് നിക്ഷേപമുണ്ടോ ഇല്ലയോ എന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. ആര്‍ബിഐ അംഗീകരിച്ചിട്ടുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗ്യത നിബന്ധനകള്‍ പാലിക്കുന്ന ആര്‍ക്കും ബോണ്ടില്‍ നിക്ഷേപിക്കാം. ആ നിക്ഷപത്തെ തടയാന്‍ നമുക്ക് അവകാശമൊന്നുമില്ല. 

ഇടുക്കി പദ്ധതിയും തീര്‍ത്ത് പൊടിയും തട്ടിപ്പോയ ലാവ്‌ലിനെ കുറ്റിയാടി പദ്ധതിക്ക് വേണ്ടി വീണ്ടും വിളിച്ചുവരുത്തിയത് യുഡിഎഫ് മന്ത്രിസഭയായിരുന്നു എന്നും ഐസക് പറഞ്ഞു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ യുഡിഎഫ് ടെന്റര്‍ വിളിക്കാതെ എടുത്ത എല്ലാ കരാറുകളും റദ്ദാക്കി. കേരളത്തിന്റെ മുഴുവന്‍ ജലവൈദ്യുത പദ്ധതികളും ലാവ്‌ലിന് തീറെഴുതാന്‍ നടന്നത് യുഡിഎഫാണ്. ടെന്റര്‍ വിളിക്കാതെ എട്ട് തെര്‍മല്‍ സ്റ്റേഷനുകള്‍ ടെന്റര്‍ കൊടുത്തുവരാണിപ്പോള്‍ ലാവ്‌ലിനെ തൊട്ടു എന്ന് പറഞ്ഞ് വരുന്നത്. മസാല ബോണ്ടിനെപ്പറ്റി ആര്‍ക്കെന്ത് സംശയമുണ്ടെങ്കിലും മറുപടി നല്‍കും. പക്ഷേ പ്രതിപക്ഷം ഇപ്പോള്‍ കാട്ടുന്ന കോപ്രായം സംസ്ഥാനത്തിന്റെ ക്രെഡിബിളിറ്റി നഷ്ടപ്പെടുത്തുന്നതാണ്- അദ്ദേഹം പറഞ്ഞു.

മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് ബദലായി ഈ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഞങ്ങളൊരു ബദല്‍ പദ്ധതി ഒരുക്കുകയാണ്. നമുക്ക് ഒരുമിച്ചു നില്‍ക്കാം. തെറ്റുകളുണ്ടെങ്കില്‍ പരിഹരിക്കാം. ഒരുമിച്ച് നിന്ന് ഈ സംസ്ഥാനത്തിന്റെ വികസനത്തിന് കൈകോര്‍ക്കാന്‍ കഴിയണം. ഇനിയെങ്കിലും ആ തിരിച്ചറിവ് വരണം, പത്തൊമ്പതിന്റെ ആവേശം വച്ച് വര്‍ത്തമാനം പറഞ്ഞു പോകരുത്- അദ്ദേഹം പറഞ്ഞു. 

മസാലബോണ്ടില്‍ വ്യവസ്ഥകള്‍ മറച്ചുവച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മസാലബോണ്ട് എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപജയമാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. മസാല ബോണ്ടിന് കൊള്ളപ്പലിശയാണെന്നും മസാലബോണ്ട് വിറ്റശേഷമാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ മാര്‍ച്ച് 29ന് തന്നെ കാനഡയില്‍ വച്ച് ബോണ്ട് സിഡിപിക്യു കമ്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്റെ മണിയാണ് മുഖ്യമന്ത്രി ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ പോയി അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കേണ്ട എന്തു ബാധ്യതയാണ് സര്‍ക്കാരിനുള്ളതെന്നും ചെന്നിത്തല ചോദിച്ചിരുന്നു. മസാല ബോണ്ട് നരേന്ദ്ര മോദി കൊണ്ടുവന്ന ലിബറല്‍ നയമാണ്. മോദിയുടെ നയം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അവരുടെ അപജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com