ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍; ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; പ്രതിപക്ഷ സംഘടനകള്‍ സമരത്തിന്

ഭരണപരമായ മേന്‍മയിലൂടെ അക്കാദമിക് മേന്‍മ കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം
ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍; ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; പ്രതിപക്ഷ സംഘടനകള്‍ സമരത്തിന്

തിരുവനന്തപുരം:  ഒന്നുമുതല്‍ 12വരെയുള്ള ക്ലാസുകള്‍ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കാനുള്ള ഖാദര്‍ കമ്മറ്റി ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ശുപാര്‍ശ നടപ്പാക്കുന്നതോടെ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ ചുമതല ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലാകും. ഇതോടെ എല്ലാ ക്ലാസുകളിലെയും പരീക്ഷാ ചുമതലയും ഡിജിഇയ്ക്കായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 

ഭരണപരമായ മേന്‍മയിലൂടെ അക്കാദമിക് മേന്‍മ കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അധ്യാപക അനധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി. 

അതേസമയം റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തിടുക്കം കാട്ടരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ജൂണ്‍ മുതല്‍ സമരം ആരംഭിക്കും. പ്രവേശനോത്സവവും സ്‌കൂളുകളും ബഹിഷ്‌കരിക്കുന്ന കാര്യം പിന്നീട് തീരിമാനിക്കുമെന്ന് പ്രതിപക്ഷ സംഘടനാ നേതാക്കള്‍ പറഞ്ഞു. 

യോഗത്തില്‍ ആറ് നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസമന്ത്രി മുന്നോട്ട് വെച്ചത്. മൂന്ന് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒരു ക്യാമ്പസ് ഒരു യൂണിറ്റ് എന്ന തലത്തിലേക്ക് മാറും. ഹയര്‍സെക്കന്ററിയും ഹൈസ്‌കൂളുമുള്ള ക്യാമ്പസിന്റെ ചുമതല ഹയര്‍സെക്കന്ററി പ്രിന്‍സിപ്പളിനായിരിക്കും. നിലവിലെ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പില്‍ വൈസ് പ്രിന്‍സിപ്പലാകും. രണ്ടിനും കൂടി പൊതുവായി ഒരു ഓഫിസ് സംവിധാനവും നിലവില്‍ വരുമെന്ന് ന്ത്രി പറഞ്ഞു. 

പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖാദര്‍ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന്  സമരമല്ല സഹകരണമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com