പി ബി യോ​ഗത്തിൽ നാടകീയരം​ഗങ്ങൾ ; സീതാറാം യെച്ചൂരി രാജിക്കൊരുങ്ങി ; കേന്ദ്രനേതൃത്വവും കേരള ഘടകവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം

. തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താൻ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് യെച്ചൂരി രാജിക്കാര്യം അറിയിച്ചത്
പി ബി യോ​ഗത്തിൽ നാടകീയരം​ഗങ്ങൾ ; സീതാറാം യെച്ചൂരി രാജിക്കൊരുങ്ങി ; കേന്ദ്രനേതൃത്വവും കേരള ഘടകവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനറൽ സെക്രട്ടറി പദമൊഴിയാൻ സീതാറാം യെച്ചൂരി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താൻ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് യെച്ചൂരി രാജിക്കാര്യം അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്വം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താനേൽക്കുന്നതായി യെച്ചൂരി യോഗത്തിൽ പറഞ്ഞു. 

എന്നാൽ, തോൽവി ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് വ്യക്തമാക്കി പിബി രാജി സന്നദ്ധത തള്ളിയതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പരാജയത്തിൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് പത്രസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ ജനറൽ സെക്രട്ടറിയെന്ന നിലയിൽ വ്യക്തിപരമായി ഉത്തരവാദിത്വം ഏൽക്കുന്നുവെന്ന് ഫലം വന്നദിവസം താൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പാർട്ടിയുടേത് കൂട്ടുത്തരവാദിത്വമാണ്. ആ കൂട്ടത്തിൽ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഒന്നാമതാണ് തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ സിപിഎം കോൺഗ്രസിനൊപ്പം നിന്നത് സംസ്ഥാനത്ത് പാർട്ടിക്കു തിരിച്ചടിയുണ്ടാക്കിയെന്ന് കേരള ഘടകം പിബി യോ​ഗത്തിൽ വിമർശനമുന്നയിച്ചു. ബിജെപിയെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന ധാരണയുണ്ടാക്കാൻ ഈ നിലപാട് ഇടയാക്കി. എന്നാൽ ഇതു സംബന്ധിച്ച് കേരള ഘടകത്തിന് വിമർശനമുള്ളതായി അറിയില്ലെന്നാണ് യെച്ചൂരി പറഞ്ഞത്.

ബിജെപിയെ മുഖ്യശത്രുവായി കണ്ടുള്ള രാഷ്ട്രീയനിലപാടിലൂന്നി പ്രചാരണം നടത്തുന്നതിൽ കേരളഘടകം വീഴ്ച വരുത്തിയെന്ന് യെച്ചൂരിപക്ഷം വാദിച്ചു. കോൺഗ്രസ് സഹകരണമാണ് തോൽവിക്ക് കാരണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമികമായി കൈക്കൊണ്ട ഈ നിലപാട് അംഗീകരിക്കാനോ തള്ളാനോ പിബി തയ്യാറായില്ല. ഇക്കാര്യം, സംസ്ഥാനസമിതിയിലും കേന്ദ്രകമ്മിറ്റിയിലും ചർച്ചയ്ക്കു വരട്ടെയെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. തിരഞ്ഞെടുപ്പ് തോൽവിക്കുകാരണം ന്യൂനപക്ഷ ഏകീകരണമാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലും പി ബി തള്ളി. ശബരിമലവിധി ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് തിരിച്ചറിയുന്നതിൽ സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്നും പി ബി വിമർശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com