എസ്എഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യാശ്രമം; വിദ്യാര്‍ത്ഥിനിക്ക് കൊളേജ് മാറാന്‍ അനുമതി

എസ്എഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊളേജ് മാറാന്‍ കേരള സര്‍വകലാശാലയുടെ അനുമതി 
എസ്എഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യാശ്രമം; വിദ്യാര്‍ത്ഥിനിക്ക് കൊളേജ് മാറാന്‍ അനുമതി

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനത്തിന്‌ പുതിയ കൊളേജിലേക്ക് മാറാന്‍ അനുമതി. വര്‍ക്കല എസ്എന്‍ കൊളേജില്‍ പഠനം തുടരനാണ് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. മുടങ്ങിയ പരീക്ഷയും പുതിയ കൊളേജില്‍ എഴുതാന്‍ കഴിയും. കൊളേജ് മാറ്റത്തിന് അനുമതി ചോദിച്ച് വിദ്യാര്‍ത്ഥിനി കേരള സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.

സമരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ്. ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേ ദിവസം പൊലും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചു, എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിച്ചു, ശരീരത്തില്‍ പിടിക്കാനും ശ്രമിച്ചു എന്നൊക്കെയാണ് കുറ്റപ്പെടുത്തല്‍.

എസ്എഫ്‌ഐയുടെ ഭീഷണിയെ കുറിച്ച് പരാതിപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ ഒരു നടപടിയും എടുത്തില്ലെന്നും കത്തില്‍ ആരോപണമുണ്ട്. ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് നിര്‍ത്തുന്നത്. 

എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് നല്‍കിയ രഹസ്യമൊഴിയിലും പൊലീസിന് കൊടുത്ത മൊഴിയിലും ആര്‍ക്കെതിരെയും പരാതിയില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ക്ലാസ് മുടങ്ങിയതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് രഹസ്യമൊഴിയില്‍ പറയുന്നു. ആരുടെയും പേരെടുത്ത് പറയുന്നില്ല. പരാതി ഇല്ലാത്ത സാഹചര്യത്തില്‍ പൊലീസ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com