കുമ്മനം മന്ത്രിയാവുമോ? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; മുരളീധരനും സുരേഷ് ഗോപിക്കും സാധ്യത; പട്ടിക വൈകിട്ട് 

കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്ന് മന്ത്രിയുണ്ടാവുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല
കുമ്മനം മന്ത്രിയാവുമോ? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; മുരളീധരനും സുരേഷ് ഗോപിക്കും സാധ്യത; പട്ടിക വൈകിട്ട് 

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായി. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്ന് മന്ത്രിയുണ്ടാവുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല.

നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകിട്ടോടെ അറിയാനാവുമെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന. കുമ്മനം രാജശേഖരരനാണ് കേരളത്തില്‍നിന്നു പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ മുന്‍പന്തിയില്‍. കുമ്മനം ആദ്യഘട്ടത്തില്‍ തന്നെ മന്ത്രിയാവുമെന്നും പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലായിയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരനാണ് പ്രചരിക്കപ്പെടുന്ന പേരുകളില്‍ മറ്റൊരാള്‍. മുരളീധരന്റെ പേര് കഴിഞ്ഞ തവണ തന്നെ ഉയര്‍ന്നിരുന്നതാണ്. ഇത്തവണ മുരളീധരന്‍ മന്ത്രിയാവുമെന്നും ഒരുപക്ഷേ ആദ്യത്തെ മന്ത്രിസഭാ വികസനത്തിലായിരിക്കും അദ്ദേഹത്തിനു നറുക്കു വീഴുകയെന്നും മുരളീധരനോട് അടുപ്പമുള്ളവര്‍ പറയുന്നു.

രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയാണ് ബിജെപി നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതാ പട്ടികയിലുള്ള മൂന്നാമത്തെയാള്‍. തൃശൂരില്‍ നടത്തിയ മികച്ച പ്രകടനം കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പാര്‍ട്ടിക്കു ഏറ്റവും ഗുണം ചെയ്ത സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയെ മന്ത്രിയാക്കുന്നതിലൂടെ  അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നിശ്ചയമായും നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇവരുടെ പക്ഷം. 

കഴിഞ്ഞ തവണ മന്ത്രിസഭയില്‍ എത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. കഴിഞ്ഞ തവണയുണ്ടായിരുന്ന ഒട്ടുമിക്ക മന്ത്രിമാരും ഇക്കുറിയും തുടരുമെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ ചില പേരുകള്‍ ഒഴിവാക്കാനിടയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കൂടുതല്‍ പ്രൊഫഷനലുകളെ ഭരണതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍നിന്നുള്ള ഏതാനും പേരുമായി ബിജെപി നേതൃത്വം കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസ്, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ആനന്ദബോസ് മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com