'ഞങ്ങള്‍ക്ക് എന്ത് നിതീയാണ്  കിട്ടിയത്'; എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കെവിന്‍ കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുത്തതിനനെതിരെ കെവിന്റെ പിതാവ് മുഖ്യമനന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും
'ഞങ്ങള്‍ക്ക് എന്ത് നിതീയാണ്  കിട്ടിയത്'; എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം:  കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുത്തതിനനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള നടപടി റദ്ദാക്കണമെന്ന് കെവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇന്ന് തിരുവനന്തപുരത്ത് എത്തി നേരിട്ട് പരാതി നല്‍കാനാണ് കെവിന്റെ കുടുംബാംഗങ്ങളുടെ തീരുമാനം. 

എസ്‌ഐ പിരിച്ചുവിട്ടെന്നാണ് നേരത്തെ സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞതാണ്. ഞങ്ങള്‍ക്ക് എന്ത് നിതീയാണ്  കിട്ടിയത്. വൈകാതെ മറ്റുള്ളവരും ജോലിയില്‍ പ്രവേശിക്കില്ലെയെന്നും കെവിന്റെ പിതാവ് പറഞ്ഞു.ഇന്നലെയാണ് സസ്‌പെന്‍ഷനിലായ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. കൊച്ചി റേഞ്ച് ഐജി വിജയ് സഖാറെയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

കെവിന്‍ കൊല്ലപ്പെടുമ്പോള്‍ ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്നു ഷിബു. കെവിന്റെ വധത്തെ തുടര്‍ന്ന് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കെവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തി ഭാര്യ നീതു പരാതി നല്‍കിയിട്ടും കെവിനെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.ഐ. ഷിബുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ റേഞ്ച് ഐ.ജി. ഉത്തരവിട്ടിരിക്കുന്നത്. ഷിബുവിന് ചുമതല നല്‍കുന്ന കാര്യത്തില്‍ എസ്.പി. തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം, കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്ന് ഗാന്ധിനഗര്‍ എസ്.ഐ.യായിരുന്ന ഷിബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐ.ജി.യുടെ ഉത്തരവെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com