'രണ്ട് വിദ്യാഭ്യാസമന്ത്രിമാര്‍ എന്തിന്'; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന് രണ്ട്  മന്ത്രിമാരുളളപ്പോഴാണ് എല്ലാം ഒന്നിന് കീഴിലാക്കുന്നത്
'രണ്ട് വിദ്യാഭ്യാസമന്ത്രിമാര്‍ എന്തിന്'; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കാനുളള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ മേഖലയെ കുളമാക്കാനാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി,  വിഎച്ച്എസ്ഇ, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കുന്നത് ഗുണകരമാകില്ല. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന് രണ്ട്  മന്ത്രിമാരുളളപ്പോഴാണ് എല്ലാം ഒന്നിന് കീഴിലാക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് രണ്ട് വിദ്യഭ്യാസമന്ത്രിമാരെന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം റിപ്പോര്‍്ട്ട് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. 14മേഖലകളില്‍ പരിഷ്‌ക്കാരത്തിന് ശുപാര്‍ശയുണ്ടെങ്കിലും രണ്ടെണ്ണമാകും ഉടന്‍ നടപ്പാക്കുക. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചര്‍ച്ചചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു വിദ്യാഭ്യാസമന്ത്രി. 

എസ്എസ്എല്‍സി ഉള്‍പെടെ മൂന്നു പരീക്ഷാവിഭാഗങ്ങള്‍  ഒന്നാക്കും.  ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലാകും സ്‌കൂള്‍ മേധാവി. ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകുമെന്നും കെഎന്‍എ ഖാദറിന്റെ നോട്ടിസിന് മറുപടിയായി മന്ത്രി പറഞ്ഞു. പരിഷ്‌കാരം കൊണ്ട് വിദ്യാഭ്യാസമേഖലയില്‍ ഗുണമുണ്ടാകില്ലെന്നും ജനാധിപത്യം ഇല്ലാതാക്കുമെന്നും കെഎന്‍എ ഖാദര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com