വേനല്‍ കനത്തപ്പോഴും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം, വീണ്ടും വെള്ളം നിറഞ്ഞത് മടകള്‍ തുറന്നതോടെ

മടകള്‍ പൂര്‍ണമായും തുറന്നതോടെ പാടശേഖരങ്ങള്‍ക്കുള്ളില്‍ കിടക്കുന്ന താഴ്ന്ന പുരയിടങ്ങളും നടവഴികളും വെള്ളത്തിനടിയിലായി
വേനല്‍ കനത്തപ്പോഴും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം, വീണ്ടും വെള്ളം നിറഞ്ഞത് മടകള്‍ തുറന്നതോടെ

കുട്ടനാട്: സംസ്ഥാനത്ത് വേനല്‍ ശക്തിപ്രാപിച്ച സമയത്തും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. പാടശേഖരങ്ങളില്‍ പാടശേഖര സമിതികള്‍ അനിയന്ത്രിതമായി വെള്ളം കയറ്റുന്നതാണ് കടുത്ത വേനലിലും ഇവിടെ വെള്ളപ്പൊക്കമുണ്ടാക്കുന്നത്. 

മടകള്‍ പൂര്‍ണമായും തുറന്നതോടെ പാടശേഖരങ്ങള്‍ക്കുള്ളില്‍ കിടക്കുന്ന താഴ്ന്ന പുരയിടങ്ങളും നടവഴികളും വെള്ളത്തിനടിയിലായി. കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും പുഞ്ചക്കൃഷി വിളപ്പെടുപ്പിന് ശേഷം അടുത്ത കൃഷിയൊരുക്കത്തിനായി വെള്ളം കയറ്റിയിട്ടിരിക്കുകയാണ്. 

ഒരു കൃഷി മാത്രം നടന്നിരുന്ന സമയങ്ങളില്‍ പാടശേഖരങ്ങളിലെ ചെളിക്കട്ടകള്‍ പുരയിടങ്ങളില്‍ ഇറക്കാറുണ്ടായിരുന്നു. ഇങ്ങനെ എല്ലാ വര്‍ഷവും ഭൂമി പൊക്കുന്നതിനാല്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ മാത്രമായിരുന്നു പുരയിടങ്ങളില്‍ വെള്ളം കയറിയിരുന്നത്. ഇപ്പോള്‍ രണ്ടാം കൃഷി തുടര്‍ച്ചയായി ചെയ്യുന്നതിനെ തുടര്‍ന്ന് പൊതുമട വയ്ക്കാത്തതിനാല്‍ ചെളിക്കട്ടയിറക്കാന്‍ കഴിയുന്നില്ല. ഇതോടെ കൃഷി നടത്താത്ത സമയം പാടശേഖരങ്ങളില്‍ വെള്ളം കയറ്റുമ്പോള്‍ പുരയിടങ്ങളില്‍ നിന്ന് വെള്ളം പോവാത്ത അവസ്ഥയായി. 

പുരയിടങ്ങളിലും വഴികളിലും വെള്ളം പൊങ്ങുന്നത് ജനജീവിതം ദുസഹമാക്കുന്നു. മുട്ടിന് മുകളില്‍ വരെ വെള്ളം കയറി കിടക്കുന്ന അവസ്ഥയാണ്. മലിന ജലത്തിലൂടെയുള്ള സമ്പര്‍കത്തിലൂടെ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നു. തൂമ്പുകളിലൂടെ വരമ്പ് മുങ്ങത്തക്ക രീതിയില്‍ വെള്ളം കയറ്റിയാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com