പന്നിക്ക് നല്‍കാന്‍ വെച്ച പഫ്‌സ് ചൂടാക്കി വില്‍പ്പന; നാട്ടുകാരുടെ പ്രതിഷേധത്തോടെ കട പൂട്ടി

പന്നി വളര്‍ത്തുകാര്‍ക്ക് നല്‍കുന്നതിനായി മാറ്റിവെച്ച പഴകിയ ഭക്ഷണ പദാര്‍ഥങ്ങളുടെ കൂട്ടത്തിലെ പഫ്‌സ് ഇതര സംസ്ഥാന ജീവനക്കാര്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു
പന്നിക്ക് നല്‍കാന്‍ വെച്ച പഫ്‌സ് ചൂടാക്കി വില്‍പ്പന; നാട്ടുകാരുടെ പ്രതിഷേധത്തോടെ കട പൂട്ടി

പനങ്ങാട്: പന്നിക്ക് നല്‍കാനായി വെച്ചിരുന്ന പഫ്‌സ് വില്‍പ്പന നടത്തിയ കടയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. റൊട്ടി നിര്‍മാണ കേന്ദ്രമായ ബോര്‍മയില്‍ നിന്നും വാങ്ങിയ പഫ്‌സ് കഴിച്ച് ആറു വയസുകാരന് ഛര്‍ദ്ദില്‍ ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 

പന്നി വളര്‍ത്തുകാര്‍ക്ക് നല്‍കുന്നതിനായി മാറ്റിവെച്ച പഴകിയ ഭക്ഷണ പദാര്‍ഥങ്ങളുടെ കൂട്ടത്തിലെ പഫ്‌സ് ഇതര സംസ്ഥാന ജീവനക്കാര്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു എന്നാണ് കടയുടമയുടെ വാദം. ഇവിടെ നിന്നും വാങ്ങിയ പഫ്‌സ് കഴിച്ചതിന് ശേഷം കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ ബാക്കി പഫ്‌സുമായി കുട്ടിയുടെ പിതാവ് കടയില്‍ വന്ന് ബഹളം വെച്ചു. 

പിന്നാലെ ഇവിടെ നിന്നും വാങ്ങിയ പഫ്‌സുമായി കൂടുതല്‍ പേര്‍ കടയുടെ മുന്നിലേക്കെത്തി. ഇത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. എന്നാല്‍, ജില്ലാ ഭരണകൂടത്തേയും, ആരോഗ്യ വിഭാഗത്തേയും വിവരം അറിയിച്ചിട്ടും ഇവരാരും പരിശോധനയ്ക്ക് എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തോടെ കട പൂട്ടി.

ഇന്ന് പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗവും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com