2,60,000 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും, ഓണം ലക്ഷ്യമിട്ട് 212 കേന്ദ്രങ്ങളില്‍ കൃഷി ഇറക്കും; ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ 

പരിസ്ഥിതി ദിനത്തില്‍ വിപുലമായ പരിസ്ഥിതി ക്യാമ്പയിന് തുടക്കമിടാന്‍ ഒരുങ്ങി ഡിവൈഎഫ്‌ഐ
2,60,000 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും, ഓണം ലക്ഷ്യമിട്ട് 212 കേന്ദ്രങ്ങളില്‍ കൃഷി ഇറക്കും; ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ 

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ വിപുലമായ പരിസ്ഥിതി ക്യാമ്പയിന് തുടക്കമിടാന്‍ ഒരുങ്ങി ഡിവൈഎഫ്‌ഐ. ഭൂമിക്കായ് ഒരുമ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിസ്ഥിതി ദിനത്തില്‍ ഡിവൈഎഫ്‌ഐ ക്യാമ്പയിന് തുടക്കമിടാന്‍ തീരുമാനിച്ചിരിക്കുന്നത്. വൃക്ഷത്തൈ വച്ചുപിടിപ്പിക്കല്‍, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്നിവയ്ക്ക് പുറമേ ജലസ്രോതസ്സുകള്‍ വീണ്ടെടുക്കാനും കൃഷി ഇറക്കാനും ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങും. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിന്  കുറഞ്ഞത് 212 കേന്ദ്രങ്ങളില്‍ കൃഷി ഇറക്കാനാണ് തീരുമാനം.

 പരിസ്ഥിതി ദിനത്തില്‍ ഒരു യൂണിറ്റിന് 10 വൃക്ഷത്തൈ എന്ന നിലയില്‍ 26,000 യൂണിറ്റുകളിലായി 2,60,000 വൃക്ഷത്തൈകള്‍ ഡിവൈഎഫ്‌ഐ വച്ചുപിടിപ്പിക്കും.'കണ്ടല്‍കാക്കാം നാളേയ്ക്കായ്' എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ടല്‍കാടുകള്‍ സംരക്ഷിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്കും വരുന്ന പരിസ്ഥിതിദിനത്തില്‍ ഡിവൈഎഫ്‌ഐ തുടക്കം കുറിക്കും.കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ കണ്ടല്‍ത്തൈ വച്ചുപിടിപ്പിക്കുന്ന വിപുലമായ ക്യാമ്പയിനാണ് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനം എന്ന നിലയിലാണ് ഇതിന്റെ ആദ്യഘട്ടം ഉദ്ദേശിക്കുന്നത്.

കേരളത്തിലുടനീളം കണ്ടല്‍കാടുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് / അജൈവമാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, കണ്ടല്‍കാടുകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുക, കണ്ടല്‍തൈകള്‍ വെച്ചുപിടിപ്പിക്കുക, പ്രാദേശികതലത്തില്‍ ഓരോ പ്രദേശത്തെ കണ്ടല്‍കാടും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 'കണ്ടല്‍സംരക്ഷണസമിതി'കള്‍ രൂപികരിച്ച് ദീര്‍ഘകാല സംരക്ഷണം നടത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിര്‍വഹിക്കും.

ജൂണ്‍ മാസത്തില്‍  കോട്ടയം ജില്ലയില്‍ വെച്ച് പരിസ്ഥിതി ശില്‍പശാല കേരളത്തിലെ പ്രമുഖരായ പരിസ്ഥിതി പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐ വാളന്റിയര്‍മാരെയും പങ്കെടുപ്പിച്ച് നടത്തും. ഇതില്‍വെച്ച് സമഗ്രമായ കണ്ടല്‍സംരക്ഷണപദ്ധതിക്ക് രൂപം നല്‍കും. കണ്ടല്‍കാക്കാം നാളേയ്ക്കായ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ വൈപ്പിന്‍ ബ്ലോക്കിലെ ചെറായില്‍ ജൂണ്‍ 3 ന് നടക്കും. 1000 കണ്ടല്‍ ചെടികള്‍ ഈ പ്രദേശത്ത് ഡിവൈഎഫ്‌ഐ പുതുതായി വച്ചുപിടിപ്പിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ് എസ് സതീഷ് എന്നിവര്‍ ചേര്‍ന്ന് ഈ പദ്ധതിയുടെ  ഉദ്ഘാടനം നിര്‍വ്വഹിക്കും.

ക്യാമ്പയിന്റെ ഭാഗമായി 2000 മേഖല കേന്ദ്രങ്ങളില്‍ നിലച്ചുപോയ ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുകയോ/ നിലവില്‍ ഉള്ള ഒന്ന് ശുചീകരിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനം സംസ്ഥാനത്താകെ നടന്നുവരുന്നു. നവംബര്‍ 15 ന് ആരംഭിച്ച ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം നടന്നുകഴിഞ്ഞു. കോട്ടയം ജില്ലയില്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ പങ്കെടുത്ത് മീനിച്ചിലാര്‍ ശുചീകരണപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജൂണ്‍ 5 നകം ഈ പ്രവര്‍ത്തനം പൂര്‍ണമായും പൂര്‍ത്തിയാക്കും.

ഒരു ബ്ലോക്കില്‍ 1 ഏക്കറില്‍ കുറയാത്ത സ്ഥലത്ത് കൃഷി  ഇറക്കും.കേരളത്തില്‍ കുറഞ്ഞത് 212 കേന്ദ്രങ്ങളിലായി ഈ പദ്ധതി നടപ്പിലാക്കും. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിലാണ് കൃഷി ആരംഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com