നാല് പതിറ്റാണ്ട് സംസാരിക്കാതിരുന്നു, പെട്ടെന്നൊരു ദിവസം മിണ്ടി; അത്ഭുതത്തില്‍ നാട്

ചെറുപ്പത്തിലെ സംസാരശേഷി നഷ്ടപ്പെട്ടെന്ന് കരുതിയായാള്‍ നാല് പതിറ്റാണ്ടിന് ശേഷം സംസാരിച്ചതിന്റെ അത്ഭുതത്തിലാണ് ഒരുനാട് മുഴുവന്‍
നാല് പതിറ്റാണ്ട് സംസാരിക്കാതിരുന്നു, പെട്ടെന്നൊരു ദിവസം മിണ്ടി; അത്ഭുതത്തില്‍ നാട്

കോഴിക്കോട്: ചെറുപ്പത്തിലെ സംസാരശേഷി നഷ്ടപ്പെട്ടെന്ന് കരുതിയായാള്‍ നാല് പതിറ്റാണ്ടിന് ശേഷം സംസാരിച്ചതിന്റെ അത്ഭുതത്തിലാണ് ഒരുനാട് മുഴുവന്‍. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത അരൂരിലെ തോലേരി പരേതരായ കണാരന്‍കല്യാണി ദമ്പതിമാരുടെ മകന്‍ ബാബു (52) ആണ് പെട്ടെന്നൊരു ദിവസം സംസാരിച്ചത്.

കണ്ണംകുളം എല്‍.പി. സ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുന്നതുവരെ ബാബു സംസാരിച്ചിരുന്നു. പെട്ടെന്ന് ഒരുനാള്‍ സംസാരിക്കാന്‍ കഴിയാതെയായി. നേരത്തേ കാണിച്ച ചുറുചുറുക്കും ഇല്ലാതായി. ബാബുവിന് പരസഹായം നിര്‍ബന്ധമായിവന്നു. ഒറ്റയ്ക്ക് വീടുവിട്ടിറങ്ങാതായി. അതിനിടയിലാണ് ബുധനാഴ്ച വൈകീട്ട് പെട്ടെന്ന് സംസാരശേഷി തിരിച്ചുകിട്ടിയത്. സഹോദരന്‍ രാജന്റെ വീട്ടില്‍നിന്ന് ഇറങ്ങുന്നതുകണ്ടപ്പോള്‍ 'ഇതെങ്ങോട്ടാ പോകുന്ന'തെന്ന് ചോദിച്ചപ്പോഴാണ് പെട്ടെന്ന് 'ചെത്തിലേക്കെ'ന്ന് (മറ്റൊരു സഹോദരന്‍ താമസിക്കുന്ന വീട്) പറഞ്ഞത്. ഇത് വീട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. ബാബുതന്നെയോ പറയുന്നതെന്ന സംശയമായിരുന്നു അവര്‍ക്ക്. ചെത്തിലെത്തിയപ്പോള്‍ 'എന്താ വന്നതെ'ന്ന് സഹോദരഭാര്യ സുജാത ചോദിച്ചപ്പോള്‍ 'എന്നാല്‍ ഞാന്‍ പോകുകയാ' എന്നും പറഞ്ഞു. പിന്നെ ചോദിക്കുന്നതിനെല്ലാം ഉത്തരംപറയുന്നുണ്ടായിരുന്നു.

വിവരമറിഞ്ഞ് ഏറെ പരിസരവാസികളുമെത്തി. ബാബുവിനോട് ചോദിക്കുന്നതിന് കൃത്യമായി ഉത്തരംനല്‍കുന്നുണ്ട്. കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ചായ കുടിച്ചുപോകാമെന്ന് ബാബു വ്യക്തമായാണ് പറഞ്ഞത്. വിദേശത്തുനിന്ന് വിളിക്കുന്ന ബന്ധുക്കളോടും ഫോണില്‍ കൃത്യമായി സംസാരിക്കുന്നുണ്ട്. കുന്നുമ്മല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ ബാബുവിനെ പരിശോധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com