മുരളീധരന്‍ മന്ത്രിയായപ്പോള്‍ ആഘോഷമില്ല: നേതാക്കള്‍ വിട്ടുനിന്നു; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് 'അഭിനവ ശകുനി'യെന്ന് മറുവിഭാഗം, പാര്‍ട്ടി ഗ്രൂപ്പുകളില്‍ പ്രചാരണം

മുരളീധരന്‍ മന്ത്രിയായപ്പോള്‍ ആഘോഷമില്ല: നേതാക്കള്‍ വിട്ടുനിന്നു; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് 'അഭിനവ ശകുനി'യെന്ന് മറുവിഭാഗം, പാര്‍ട്ടി ഗ്രൂപ്പുകളില്‍ പ്രചാരണം

വി മുരളധീരന്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെ ബിജെപി കേരള ഘടകത്തിലെ വിഭാഗിയത കൂടുതല്‍ പരസ്യമാകുന്നു

തിരുവനന്തപുരം: വി മുരളധീരന്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെ ബിജെപി കേരള ഘടകത്തിലെ വിഭാഗിയത കൂടുതല്‍ പരസ്യമാകുന്നു. മുരളീധരന്‍ മന്ത്രിയായതിലെ ആഘോഷ പരിപാടികളില്‍ നിന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അടക്കമുള്ള നേതാക്കള്‍ വിട്ടുനിന്നു. പരിപാടി സംഘടിപ്പിക്കാതിരിക്കാനും ശ്രമങ്ങള്‍ നടന്നു. 

ഇതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് എതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി മറുവിഭാഗം രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സുരേഷ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് സംസ്ഥാന,കേന്ദ്ര ഘടകങ്ങള്‍ക്ക് ഒരുവിഭാഗം പരാതി നല്‍കി. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വേണ്ടി ജില്ല പ്രസിഡന്റ് എസ് സുരേഷ് ശ്രമിച്ചുവെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച കോള്‍ സെന്ററില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതില്‍ അഴിമതി  നടത്തി പണം തട്ടിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന സന്ദേശം ബിജെപി-സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. 

ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് ബിജെപിയുടെ തിരുവനന്തപുരം ജില്ല നേതൃത്വത്തെ സംബന്ധിച്ച് ലോട്ടറി ആയിരുന്നു. എല്ലാ മാര്‍ഗങ്ങളിലൂടെയും പണകൊയ്ത്ത് നടത്താന്‍ ജില്ല പ്രസിഡന്റ് എസ്. സുരേഷിനും സഹായികള്‍ക്കുമായി. വെട്ടിപ്പു നടന്ന കണക്കുകള്‍ വസ്തുനിഷ്ഠമായി തന്നെ കേന്ദ്രസംസ്ഥാന നേതൃത്വത്തിന് മുന്നാകെ എത്തിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മനഃപൂര്‍വ്വം തോല്‍പ്പിക്കാന്‍ സുരേഷ് ശ്രമിച്ചിരുന്നതായുള്ള ഗുരുതര ആരോപണവും നിലനില്‍ക്കുന്നു- സന്ദേശത്തില്‍ പറയുന്നു. 

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി മോഹത്താല്‍ കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ച നടത്തിയതാണ് ഉറച്ച സീറ്റില്‍ പോലും ഏറെ പിന്നോക്കം പോകേണ്ടി വന്നതെന്ന വിമര്‍ശനമാണ് മുന്നില്‍. കോള്‍ സെന്ററിന്റെ മറവിലും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നു എന്നതാണ് സുരേഷിനെതിരെയുള്ള പുതിയ ആരോപണം. സാമൂഹ്യ മാധ്യമങ്ങള്‍ നന്നായി ഉപയോഗിക്കാനറിയാവുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നിട്ടും ആകര്‍ഷണീയമായ ശമ്പളം നല്‍കി പുറത്തു നിന്നും കോള്‍ സെന്ററിലേക്കായി ആളുകളെ നിയമിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഈ നിയമനത്തിലും സുരേഷ് ശകുനി വേഷമണിഞ്ഞു. വിവിധ പരിവാര്‍ പ്രസ്ഥാനങ്ങള്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ പേരുകള്‍ വെട്ടിമാറ്റി സുരേഷിനോട് അടുപ്പം പുലര്‍ത്തുന്നവര്‍ പറഞ്ഞ പേരുകള്‍ മാത്രം അംഗീകരിപ്പിച്ചു. ജോലിയില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ പറ്റിയോ, സര്‍ക്കാരിന്റെ പദ്ധതികളെപ്പറ്റിയോ, ലക്ഷ്യങ്ങളെപ്പറ്റിയോ യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. ബിജെപിയുടെ സജീവ പ്രവര്‍ത്തകരെ മാത്രം നിരന്തരം ഫോണ്‍ ചെയ്തും വോട്ട് അഭ്യര്‍ത്ഥിച്ചും അവര്‍ പണിയെടുത്തു. തിരിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയവര്‍ വിരളം. കോള്‍ സെന്ററിലൂടെ എന്തു നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു എന്നു ചോദിക്കുന്നില്ല.

എന്നാല്‍ കോള്‍ സെന്ററിന്റെ മറവില്‍ എത്ര രൂപ തട്ടിയെടുത്തു എന്നറിയണം? കാര്യഗൗരവമായി ചേയ്യേണ്ടിയിരുന്ന ജോലി അര്‍ഹരായ പ്രവര്‍ത്തകര്‍ക്കു നല്‍കാതെ അനര്‍ഹരുടെ കൈകളില്‍ എത്തിച്ചതിന് സുരേഷ് കണക്കു പറഞ്ഞേ തീരൂ. ( 2014 ല്‍ നടന്ന ലോക് സഭ തെരഞ്ഞെടുപ്പു വേളയില്‍ സോഷ്യല്‍ മീഡിയയ്ക്കു ചെലവായ 15,000 രൂപയുടെ വൗച്ചറില്‍ വലതു ഭാഗത്ത് ഒരു പൂജ്യം ചേര്‍ത്ത് 1,50,000 രൂപ കൈക്കലാക്കിയത് പ്രവര്‍ത്തകരും നേതാക്കളും മറക്കാനിടയില്ല)-സന്ദേശത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com