ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; 128 അടി പിന്നിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2019 06:55 AM |
Last Updated: 01st November 2019 07:00 AM | A+A A- |

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2381.16 അടിയായി ഉയര്‍ന്നു. ന്യൂനമര്‍ദം മഹ ചുഴലിക്കാറ്റായതോടെ മഴ ശക്തി പ്രാപിച്ചപ്പോള്‍ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 17.60 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2387.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.
ആകെ സംഭരണശേഷിയുടെ 78 ശതമാനം ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് 128 അടി പിന്നിട്ടു. വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് 127.9 അടിയായിരുന്ന ജലനിരപ്പ് വൈകീട്ടോടെ 128.5 അടിയായി ഉയര്‍ന്നു.
വ്യാഴാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളില്‍ വൃഷ്ടിപ്രദേശത്ത് 20 മില്ലിമീറ്ററും, തേക്കടിയില്‍ 25.6 മില്ലിമീറ്ററും മഴ പെയ്‌തെന്നാണ് കണക്ക്. മുല്ലപ്പെരിയാറിലേക്ക് ഓരോ സെക്കന്റിലും 4837 ഘനയടി വീതം വെള്ളം ഒഴുകിയെത്തുന്നുണ്ട്.
2200 ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോവുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടി പിന്നിട്ടാല്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയും ഉപസമിതിയും ഡാം സന്ദര്‍ശിക്കും.