ആ 'കോടീശ്വരന്‍' ആര് ?; ബംബറടിച്ചെന്ന് പറഞ്ഞയാള്‍ വിദേശത്തേക്ക് മുങ്ങി ; ടിക്കറ്റുമായി വന്നയാള്‍ കോടതിയില്‍ ; അവകാശവുമായി തമിഴ്‌നാട്ടുകാരനും ; ഭാഗ്യവാനെ തിരഞ്ഞ് പൊലീസ്

ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം
ആ 'കോടീശ്വരന്‍' ആര് ?; ബംബറടിച്ചെന്ന് പറഞ്ഞയാള്‍ വിദേശത്തേക്ക് മുങ്ങി ; ടിക്കറ്റുമായി വന്നയാള്‍ കോടതിയില്‍ ; അവകാശവുമായി തമിഴ്‌നാട്ടുകാരനും ; ഭാഗ്യവാനെ തിരഞ്ഞ് പൊലീസ്

കണ്ണൂര്‍ : അഞ്ച് കോടിയുടെ മണ്‍സൂണ്‍ ബംബറിന്റെ ഭാഗ്യവാന്‍ ആരെന്നറിയാന്‍ കാത്തിരിപ്പ് നീളും. അര്‍ഹതപ്പെട്ട കരങ്ങളിലാണോ ഭാഗ്യം എത്തുകയെന്ന് അറിയണമെങ്കില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റ് തന്റെ പക്കല്‍ നിന്നും തട്ടിയെടുത്തതാണെന്ന പരാതിയുമായി തമിഴ്‌നാട് സ്വദേശിയായ മുനിയപ്പന്‍ എത്തിയതോടെയാണ് മണ്‍സൂണ്‍ ബംബര്‍ വിവാദം കൊഴുക്കുന്നത്.

മുപ്പതു വര്‍ഷമായി കോഴിക്കോട്ട് താമസിക്കുന്ന മുനിയപ്പന്‍ ടാക്‌സി ഡ്രൈവറാണ്. എല്ലാ മാസവും പറശ്ശിനിക്കടവില്‍ വരുന്ന താന്‍ 16ന് വന്നപ്പോഴാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. ജൂണ്‍ 26ന് വീണ്ടും പറശിനിക്കടവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ടിക്കറ്റ് നഷ്ടമായെന്നുമാണ് പരാതി.

എന്നാല്‍ കഴിഞ്ഞ ജൂലായ് 18ന് സമ്മാനം ലഭിച്ച എം.ഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബംബര്‍ ലോട്ടറിയുമായി ഹാജരായത് പറശിനിക്കടവ് സ്വദേശി അജിതനാണ്. ഇയാളെയാണ് സര്‍ക്കാര്‍ മണ്‍സൂണ്‍ ബംബര്‍ വിജയിയായി പ്രഖ്യാപിച്ചത്. പരാതിയുമായി മുനിയപ്പന്‍ എത്തിയതോടെ അജിതന്‍ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. മുന്‍പും അജിതന് ലോട്ടറി അടിച്ചിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് അജിതന് 40 ലക്ഷം രൂപയും 50 പവനും കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

ഇതിനിടെ, മുനിയപ്പനും അജിതനും പുറമേ ബംബര്‍ വിജയിയായി മറ്റൊരാളിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. ഫലം വന്നപ്പോള്‍ തനിക്കാണ് കിട്ടിയതെന്ന് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെ അറിയിച്ച മംഗലശേരി സ്വദേശി എന്നാല്‍ അപ്രതീക്ഷിതമായി വിദേശത്തേക്ക് പോവുകയായിരുന്നു. മുനിയപ്പന്റെ ഭാഗ്യം അജിതന്‍ കൈക്കലാക്കിയതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിദേശത്തേക്ക് കടന്നയാളും അന്വേഷണ പരിധിയിലുണ്ട്. സമ്മാനാര്‍ഹമായ ലോട്ടറി വില്പന നടത്തിയ ഏജന്റ് മുയ്യത്തെ പവിത്രനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സംഭവത്തിന് പിന്നില്‍ സമ്മാനാര്‍ഹമായ ടിക്കറ്റിന് മുഴുവന്‍ തുകയും നല്‍കുന്ന സംഘമാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അജിതന്‍ ഈ കണ്ണിയില്‍പ്പെട്ടയാളാവാമെന്നും മുഴുവന്‍ തുക വാഗ്ദാനം ചെയ്ത് മുനിയനെ വരുത്തി ടിക്കറ്റ് തട്ടിയെടുത്തതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് അജിതന്, നികുതി കഴിച്ച് ലഭിച്ച 3.15 കോടി രൂപ പൊലീസ് മരവിപ്പിച്ചിരിക്കയാണ്. ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com