ഇനി സ്വാശ്രയ കോളജുകളിലും വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാം; പരാതി പരിഹരിക്കാന്‍ അതോറിറ്റി, ചട്ടംലംഘിച്ചാല്‍ മാനേജ്‌മെന്റിന് 10,000രൂപ പിഴ

സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥിയൂണിയന്‍ പ്രവര്‍ത്തനത്തിനു നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
ഇനി സ്വാശ്രയ കോളജുകളിലും വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാം; പരാതി പരിഹരിക്കാന്‍ അതോറിറ്റി, ചട്ടംലംഘിച്ചാല്‍ മാനേജ്‌മെന്റിന് 10,000രൂപ പിഴ

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥിയൂണിയന്‍ പ്രവര്‍ത്തനത്തിനു നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിനു മന്ത്രിസഭ അനുമതി നല്‍കുകയും കരടുബില്‍ അംഗീകരിക്കുയും ചെയ്തു.  സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ഇത് പരോക്ഷമായി വിദ്യാര്‍ഥി രാഷ്ട്രീയപ്രവേശത്തിനുള്ള അവസരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ ബില്‍ നിയമമാകുന്നതോടെ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാര്‍ഥിയൂണിയനുകള്‍ വരും. കേന്ദ്ര സര്‍വകലാശാലയും കല്‍പിത സര്‍വകലാശാലകളും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.

സ്‌കൂളുകളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ നിരോധിക്കുകയും കോളജുകളില്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ മാനേജ്‌മെന്റിന് അധികാരം നല്‍കുകയും ചെയ്ത കോടതിവിധികളെ പരോക്ഷമായി മറികടക്കുന്നതാകും പുതിയ നിയമം.

വിദ്യാര്‍ഥി യൂണിയനുകള്‍ രൂപീകരിക്കാനും ന്യായമായ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണു വരുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ പരിഹരിക്കാന്‍ അതോറിറ്റി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിരമിച്ച ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനാകണം. പരാതിപരിഹാര നിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ചട്ടം ലംഘിക്കുന്ന മാനേജ്‌മെന്റിനു 10,000 രൂപ വരെ പിഴശിക്ഷ വിധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com