കള്ളുഷാപ്പിന്റെ മുഖം മാറ്റിയാല്‍ പേരുദോഷം മാറും; ഷാപ്പ് തൊഴിലാളികള്‍ക്ക് യൂണിഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രാതിനിധ്യം: റിപ്പോര്‍ട്ട്

ടോഡിപാര്‍ലറുകളും ഭക്ഷണശാലകളും വേറെവേറെയായി ഷാപ്പുകളില്‍ സജ്ജീകരിക്കണം
കള്ളുഷാപ്പിന്റെ മുഖം മാറ്റിയാല്‍ പേരുദോഷം മാറും; ഷാപ്പ് തൊഴിലാളികള്‍ക്ക് യൂണിഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രാതിനിധ്യം: റിപ്പോര്‍ട്ട്

കൊച്ചി; കള്ളുഷാപ്പ് ആധുനികവല്‍ക്കരിച്ച് ജനസൗഹൃദകേന്ദ്രങ്ങളാക്കി മാറ്റണമെന്ന നിര്‍ദേശങ്ങളുമായി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മുഖംമിനുക്കിയാലെ കള്ളുഷാപ്പുകള്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളാണെന്ന പൊതുധാരണ മാറ്റാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളുഷാപ്പ് വീടിനടുത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരേ പട്ടാമ്പി സ്വദേശിനി വിലാസിനി നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട ആര്‍.ടി. പ്രദീപ് റിപ്പോര്‍ട്ട് നല്‍കിയത്.

ടോഡിപാര്‍ലറുകളും ഭക്ഷണശാലകളും വേറെവേറെയായി ഷാപ്പുകളില്‍ സജ്ജീകരിക്കണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശൗചാലയ സൗകര്യമൊരുക്കണം. സൗകര്യങ്ങള്‍ വിലയിരുത്തി കള്ളുഷാപ്പുകളെ തരംതിരിക്കണം. പാര്‍ക്കിങ്ങിനും മാലിന്യസംസ്‌കരണത്തിനും പ്രത്യേകം സംവിധാനംവേണം. ഷാപ്പിലെ തൊഴിലാളികള്‍ക്ക് യൂണിഫോംവേണം. 

ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലൈസന്‍സിയുടെ ചുമതലയാണ്. കള്ളുശേഖരിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ലാബ് സൗകര്യമുണ്ടാകണം. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രാതിനിധ്യംനല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.2017- 2018 ലെ അബ്കാരിനയത്തില്‍ പറയുന്നതുപോലെ ടോഡിബോര്‍ഡ് രൂപവത്കരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. കള്ളുത്പാദനം, ശേഖരണം, വിതരണം എന്നിവയുടെ ചുമതല ടോഡി ബോര്‍ഡിനായിരിക്കണം. 

കള്ളുത്പാദനം, ശേഖരണം, വിതരണം എന്നിവയുടെ ചുമതല ടോഡി ബോര്‍ഡിനായിരിക്കണം. ചെത്തുതൊഴിലാളികളെ ബോര്‍ഡിനു കീഴിലാക്കണം. ഷാപ്പുകളില്‍ മായംചേരാത്ത കള്ളും ഗുണനിലവാരമുള്ള ഭക്ഷണവും ലഭ്യമാകുന്നുണ്ടെന്ന് ബോര്‍ഡ് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com