'താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്' എന്നാണ് ജോസിന്റെ നിലപാട് ; ഭരണഘടന അംഗീകരിക്കാതെ പാര്‍ട്ടിയില്‍ സ്ഥാനമില്ല ; നിലപാട് കടുപ്പിച്ച് ജോസഫ്

ജോസ് ഇപ്പോഴും ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. തെറ്റുതിരുത്തിയാല്‍ ജോസിന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും ജോസഫ്
'താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്' എന്നാണ് ജോസിന്റെ നിലപാട് ; ഭരണഘടന അംഗീകരിക്കാതെ പാര്‍ട്ടിയില്‍ സ്ഥാനമില്ല ; നിലപാട് കടുപ്പിച്ച് ജോസഫ്

തൊടുപുഴ : ജോസ് കെ മാണിക്കെതിരെ നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാതെ ജോസ് കെ മാണിക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. ജോസ് ഇപ്പോഴും ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. തെറ്റുതിരുത്തിയാല്‍ ജോസിന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും ജോസഫ് പറഞ്ഞു.  

തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് ജോസിന്റെ പോക്ക്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നാണ് ജോസിന്റെ നിലപാട്. പാലായില്‍ പരാജയം ഏറ്റുവാങ്ങിയിട്ടും ശൈലി മാറ്റാന്‍ ജോസിന് ഉദ്ദേശമില്ല. ഭരണഘടനയെ അംഗീകരിക്കാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാകില്ല. കോടതി വിധി കേരള കോണ്‍ഗ്രസിന്റെ ധാര്‍മ്മിക വിജയമാണെന്നും ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ഇന്നത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മാറ്റമില്ല. കോടതി വിധി വരുന്നതുവരെ യോഗം മാറ്റിവെക്കണമെന്ന് ജോസ് പക്ഷത്തെ എംഎല്‍എമാരാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് ഇന്ന് വൈകീട്ടത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടിയോഗം മാറ്റിവെച്ചത്. ഇതില്‍ മാറ്റമില്ലെന്ന് ജോസഫ് അറിയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരായ റോഷി  അഗസ്റ്റിനും എന്‍ ജയരാജിനും ബാധ്യസ്ഥരെന്ന് മോന്‍സ് ജോസഫും പ്രതികരിച്ചു. ഭരണഘടന മുഖ്യമാണെന്നും, അത് അംഗീകരിക്കാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസും പറഞ്ഞു.

ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി ഉത്തരവിട്ടു. ചെയര്‍മാന്റെ അധികാരം തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതി വിധി ശരിവെച്ചു. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ തീരുമാനത്തിലുള്ള സ്‌റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ പദവിയോ, അധികാരമോ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും, അച്ചടക്ക നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍സിഫ് കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com