പിജെ ജോസഫ് കേരളാ കോണ്‍ഗ്രസ് എം നിയമസഭാകക്ഷി നേതാവ്; സിഎഫ് തോമസ് ഉപനേതാവ്‌

പി ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു
പിജെ ജോസഫ് കേരളാ കോണ്‍ഗ്രസ് എം നിയമസഭാകക്ഷി നേതാവ്; സിഎഫ് തോമസ് ഉപനേതാവ്‌

തിരുവനന്തപുരം: പി ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സി എഫ് തോമസാണ് ഉപനേതാവ്. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കിയ നടപടി കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പി ജെ ജോസഫ് അറിയിച്ചു.

പാര്‍ട്ടി വിപ്പും സെക്രട്ടറിയുമായി മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തതായി പി ജെ ജോസഫ് അറിയിച്ചു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ തങ്ങള്‍ (ജോസഫ് പക്ഷം) കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അഞ്ചു പേരില്‍ മൂന്നു പേര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്നു പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാഞ്ഞത്. ഇന്ന് വിധി വന്നിട്ടും കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ജോസ് കെ മാണി പക്ഷം തയ്യാറായില്ല. അവരെ കമ്മിറ്റിയുണ്ടെന്ന് അറിയിച്ചതാണ്. അവര്‍ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വരാന്‍ കഴിയില്ലെന്നറിയിക്കുകയായിരുന്നെന്നും പി ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തന്നെപ്പറ്റി ജോസ് കെ മാണി കള്ളം പ്രചരിപ്പിക്കുകയാണെന്നും ജോസഫ് ആരോപിച്ചു. പിജെ ജോസഫിനു പുറമേ സി എഫ് തോമസും മോന്‍സ് ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വ്യാജയോഗം വിളിച്ച് ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ തീരുമാനമാണ് കോടതി സ്‌റ്റേ ചെയ്തതെന്ന് മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.

ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിന് എതിരെ ഇടുക്കി മുന്‍സിഫ് കോടതിയുടെ സ്‌റ്റേ തുടരാന്‍ ഇന്ന് കട്ടപ്പന സബ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്‌റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  ജോസ് കെ മാണി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. അതേസമയം, കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി പാര്‍ട്ടിയില്‍ അധികാരം ഉറപ്പിക്കാനാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ നീക്കം .യഥാര്‍ത്ഥ കേരളകോണ്‍ഗ്രസ് തങ്ങളാണെന്ന അവകാശവാദവുമായി ജോസ് കെ മാണി വിഭാഗം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com