മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പരിപാടിക്കില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു; ബിനീഷിന് നേരിട്ട അപമാനത്തിന് മാപ്പ്: അനില്‍ രാധാകൃഷ്ണ മേനോന്‍

മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പരിപാടിക്കില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു; ബിനീഷിന് നേരിട്ട അപമാനത്തിന് മാപ്പ്: അനില്‍ രാധാകൃഷ്ണ മേനോന്‍
മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പരിപാടിക്കില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു; ബിനീഷിന് നേരിട്ട അപമാനത്തിന് മാപ്പ്: അനില്‍ രാധാകൃഷ്ണ മേനോന്‍

കൊച്ചി: യുവ നടന്‍ ബിനീഷ് ബാസ്റ്റിന് താന്‍ മൂലം അപമാനം നേരിട്ടിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നതായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. താന്‍ അറിയാത്ത കാര്യങ്ങളുടെ പേരിലാണ് ബിനീഷിന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നതെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞു. 

മെഡിക്കല്‍ കോളജിലെ പരിപാടിയില്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ താന്‍ വരുന്നില്ലെന്ന് നേരത്തേ അറിയിച്ചിരുന്നതാണ്. ആരും ഇല്ലെന്നു പറഞ്ഞതുകൊണ്ടാണ് പോയത്. എന്നിട്ടും താന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ബിനീഷ് ബാസ്റ്റിന്‍ കയറിവന്നപ്പോള്‍ താന്‍ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്നലത്തെ പരിപാടിക്കായി മെഡിക്കല്‍ കോളജിലെ കുട്ടികള്‍ മിനിഞ്ഞാന്നാണ് വിളിച്ചത്. ആദ്യം ചോദിച്ചത് ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നാണ്. ആരും ഇല്ലെന്നാണ് പറഞ്ഞത്. മറ്റുള്ളവര്‍ക്കൊപ്പം 'ലൈംലൈറ്റില്‍' നില്‍ക്കാന്‍ താത്പര്യമില്ലാത്തയാളാണ് താന്‍. അതുകൊണ്ടാണ് വിളിച്ചപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞത്. 

പിറ്റേന്നു വിളിച്ചു പറഞ്ഞു, ബിനീഷിനെ മുഖ്യാതിഥിയായി വിളിച്ചിട്ടുണ്ടെന്ന്. വരുന്നില്ലെന്ന് അപ്പോള്‍ തന്നെ അറിയിച്ചതാണ്. പിന്നീട് വിളിച്ച് ബിനീഷിന്റെ പരിപാടി മാറ്റിവച്ചെന്ന് അവര്‍ പറയുകയായിരുന്നു. നിര്‍ബന്ധിച്ചു വിളിച്ചിട്ടാണ് പരിപാടിക്കു പോയത്. 

ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിനീഷ് വന്നത്. ബിനീഷ് വന്നപ്പോള്‍ കയ്യടിക്കാനാണ് ഞാന്‍ സദസിലുള്ളവരോടു പറഞ്ഞത്. ഈ വിഡിയോ നോക്കിയാല്‍ അതറിയാം. ബിനീഷ് വന്ന് നിലത്ത് ഇരിക്കുകയായിരുന്നു. കസേരിയില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. മാഗസിന്‍ പ്രകാശനം ചെയ്തിട്ടു പോവാം എന്നു ഞാന്‍ പറഞ്ഞെങ്കിലും അതും ആരും ശ്രദ്ധിച്ചില്ല. അപ്പോഴേക്കാം ബിനീഷ്, മേനോന്‍ എന്നൊക്കെ ചേര്‍ത്ത് എന്തൊക്കെയോ പറയാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ പുറത്തേക്കിറങ്ങി നിന്നത്. 

ബിനീഷ് എന്തൊക്കെയോ പറഞ്ഞ് പുറത്തേക്കു ഇറങ്ങിയപ്പോള്‍ ചെയര്‍മാനെ വിളിച്ച്, അയാളെ തിരിച്ചു വിളിക്കാന്‍ നിര്‍ദേശിച്ചതാണ്. പ്രശ്‌നം എന്തായാലും പരിഹരിച്ചു പോവാനാണ് താന്‍ പറഞ്ഞത്. 

പേരില്‍ മേനോന്‍ എന്നുള്ളതുകൊണ്ട് സവര്‍ണ മനോഭാവമുള്ളയാളല്ല ഞാന്‍. ബിനീഷ് ബാസ്റ്റിനെ എനിക്കിഷ്ടമാണ്. അടുത്ത സ്‌ക്രിപ്റ്റില്‍ ഒരു കഥാപാത്രം വരെ അദ്ദേഹത്തിനു വേണ്ടി എഴുതിയിട്ടുണ്ട്. എന്റെ വീട്ടില്‍ വന്നിട്ടുള്ള ആളാണ്. അങ്ങനെയൊരാളെ ഞാന്‍ അപമാനിക്കുമോ?  ഞാന്‍ മൂലം ബിനീഷ് ബാസ്റ്റിന് എന്തെങ്കിലും അപമാനം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു പറയുന്നു. 

ബിനിഷ് അപ്പോള്‍ അവിടെ വരുന്നുണ്ട് എന്നതൊന്നും തനിക്കറിയാത്ത കാര്യങ്ങളാണ്. എന്നിട്ടും വേദി പങ്കിടാന്‍ അപ്പോള്‍ ഞാന്‍ തയാറായതാണ്. ബിനീഷ് പറയാനുള്ളത് പറയട്ടെ എന്നു കരുതിയാണ് വേദിയില്‍നിന്നു മാറിനിന്നത്. പ്രതിഷേധം പ്രകടിപ്പിച്ച് ഞാന്‍ വേദിയില്‍നിന്ന ഇറങ്ങിപ്പോയിട്ടില്ല. മാഗസിന്‍ പ്രകാശനവും മെഡല്‍ വിതരണവുമൊക്കെ നടത്തിയാണ് ഞാന്‍ മടങ്ങിയത്. 

ചാന്‍സ് ചോദിച്ചുവന്നയാളാണ്, മൂന്നാംകിട നടനാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടന്‍മാരില്‍ മൂന്നാംകിടയോ ഒന്നാകിടയോ ഇല്ല. എല്ലാവരും നടന്മാരാണ്. ഫെഫ്ക വിശദീകരണം ചോദിച്ചാലും ഇതു തന്നെയാണ് പറയാനുള്ളതെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com