വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ; പോക്‌സോ കോടതി വിധി റദ്ദാക്കിയാലേ അന്വേഷിക്കാനാകൂവെന്ന് സിബിഐ

കോടതി വിധി പറഞ്ഞ കേസില്‍ എങ്ങനെ പുനരന്വേഷണം നടത്തുമെന്ന് ഹൈക്കോടതി
വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ; പോക്‌സോ കോടതി വിധി റദ്ദാക്കിയാലേ അന്വേഷിക്കാനാകൂവെന്ന് സിബിഐ


കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. പോക്‌സോ കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ, സംസ്ഥാന സര്‍ക്കാരിനോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാകുമെന്നും ഹൈക്കോടതി സൂചിപ്പിച്ചു.

അതേസമയം പോക്‌സോ കോടതി വിധി റദ്ദാക്കിയാല്‍ മാത്രമേ പുതിയ അന്വേഷണം സാധ്യമാകൂ എന്ന് സിബിഐ കോടതിയെ അറിയിച്ചു. നിലവിലെ വിധി നിലനില്‍ക്കെ തുടരന്വേഷണം സാധ്യമല്ലെന്നും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.

വാളയാറിലെ ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാള വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ഹര്‍ജിക്കാരന് എന്താണ് ബന്ധമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ ഹര്‍ജിയെന്നും കോടതി ചോദിച്ചു. വാര്‍ത്തകളില്‍ പറയുന്നപോലെയാണ് കാര്യങ്ങളെന്ന് എങ്ങനെ ഉറപ്പിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

കോടതി വിധി പറഞ്ഞ കേസില്‍ എങ്ങനെ പുനരന്വേഷണം നടത്തുമെന്നും കോടതി ചോദിച്ചു. വിധി പറഞ്ഞ കേസില്‍ സാക്ഷികള്‍ക്ക് ഏതുതരത്തില്‍ സംരക്ഷണം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. കേസിന്റെ അന്വേഷണഘട്ടത്തിലും വിചാരണഘട്ടത്തിലും ഹര്‍ജിക്കാരന്‍ എന്തുകൊണ്ട് രംഗത്തുവന്നില്ലെന്നും കോടതി ആരാഞ്ഞു. ഹര്‍ജിക്കെതിരെ കോടതി സംശയം ഉന്നയിച്ചതോടെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. കേസ് ഉച്ചയ്ക്ക് ശേഷവും കോടതി പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com