വിജിയെ കൈവിടില്ല ; മകന്റെ ശമ്പളത്തില്‍ നിന്നും പണം നല്‍കി പഠിപ്പിക്കും : വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍

വിജിയുടെ തുടര്‍ പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്
വിജിയെ കൈവിടില്ല ; മകന്റെ ശമ്പളത്തില്‍ നിന്നും പണം നല്‍കി പഠിപ്പിക്കും : വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍

തിരുവനന്തപുരം : കോളേജ് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന് പഠനം ഉപേക്ഷിച്ച വിജി എന്ന പെണ്‍കുട്ടിയുടെ പഠനച്ചെലവ് താന്‍ വഹിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. വിജിയുടെ തുടര്‍ പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്. കുട്ടിയുടെ പഠനച്ചെലവ് മകന്റെ ശമ്പളത്തില്‍ നിന്നും വഹിക്കുമെന്നും ഷാഹിദാ കമാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

എന്റെ ഭര്‍ത്താവ് മരണപെട്ടപ്പോള്‍, +1 വിദ്യാര്‍ത്ഥിയായിരുന്ന, 16 വയസ്സുകാരനായ എന്റെ മകന്റെ വിദ്യാഭ്യാസമായിരുന്നു എന്റെ മുന്നിലെ പ്രധാന വെല്ലുവിളി. അന്ന്, ഞാന്‍ അതുവരെ പ്രവര്‍ത്തിച്ച എന്റെ പ്രസ്ഥാനം കൂടെ ഉണ്ടായിരുന്നില്ല. ഇന്ന് മറ്റൊരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും നഷ്ടപെടുത്തി എന്ന് മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.

അച്ഛന്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോകുകയും അമ്മ ക്യാന്‍സര്‍ ബാധിച്ച് മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേര്‍ത്തല NSS എയ്ഡഡ് കോളേജിലാണ് മെറിറ്റില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഓരോ ദിവസവും ആറു മണിക്കൂര്‍ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ വുമന്‍സ് കോളേജിലേക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തുകയായിരുന്നു. കോളേജ് മാറ്റം വിവാദമായതോടെ, വിജി പഠനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതറിഞ്ഞ മന്ത്രി കെ ടി ജലീല്‍, വിജിയുടെ പഠനത്തിന് സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുമെന്നും, ആ കുട്ടിയെ സര്‍ക്കാര്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുമെന്നും ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ സ്ഥാപനമായ സി  ആപ്റ്റില്‍ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആന്‍ന്റ് വെബ് ഡിസൈനിംഗ് കോഴ്‌സിന് ചേര്‍ന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവണ്‍മെന്റ് മുന്‍കയ്യെടുത്ത് സഫലമാക്കും. അടുത്ത അദ്ധ്യായന വര്‍ഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജില്‍ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com