വിധിക്കെതിരെ അപ്പീല്‍ നല്‍കും ; അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവകാശവും, ചിഹ്നവും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം : തന്നെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്തത് അംഗീകരിച്ച കട്ടപ്പന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസ് കെ മാണി. കോടതി വിധി അന്തിമമല്ല. വിധിപ്പകര്‍പ്പ് കിട്ടിയിട്ടില്ല. അത് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവകാശവും, ചിഹ്നവും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇത് സംബന്ധിച്ച പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ്. ചിഹ്നം ആര്‍ക്ക് കൊടുക്കും. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന് ഇലക്ഷന്‍ കമ്മിഷനാണ് തീരുമാനിക്കുക. ഈ വിഷയത്തില്‍ തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗവും, തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിയുമാണ് കോടതി സ്‌റ്റേ ചെയ്തത്. കോടതിയില്‍ പരാതി നല്‍കിയത് പി ജെ ജോസഫല്ല. സംസ്ഥാന കമ്മിറ്റിയിലെ രണ്ട് അംഗങ്ങളാണ്. ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും തന്നോടൊപ്പമാണെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി ഉത്തരവിട്ടു. ചെയര്‍മാന്റെ അധികാരം തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതി വിധി ശരിവെച്ചു. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ തീരുമാനത്തിലുള്ള സ്‌റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ പദവിയോ, അധികാരമോ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും, അച്ചടക്ക നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍സിഫ് കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com