സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികള്‍; ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് ലഘുലേഖ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd November 2019 02:57 PM |
Last Updated: 02nd November 2019 02:57 PM | A+A A- |

തിരുവനന്തപുരം: അഗളിയില്‍ പൊലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ മാവോയിസ്റ്റുകളുടെ ലഘുലേഖ. മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നു. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റിയുടേതാണ് ലഘുലേഖ. സിപിഎമ്മും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണെന്ന് ലഘുലേഖയില്‍ പറയുന്നു.
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരെ അറസ്റ്റ് ചെയ്തതിന് എതിരെ ഭരണപക്ഷത്ത് തന്നെ വിമര്‍ശനങ്ങള്‍ ശക്തമാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ യുഎപിഎ നിയമം ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധങ്ങളുയര്‍ന്നതിന് പിന്നാലെ അറസ്റ്റില്‍ മുഖ്യമന്ത്രി പൊലീസ് മേധാവിയോട് വിശദീകറണം തേടി. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ഉത്തരമേഖലാ ഐജി അശോക് യാദവിനെ ചുമതലപ്പെടുത്തി.