ഏത് മുഖ്യമന്ത്രി ?; മരടിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനും ഫ്ലാറ്റുണ്ടോ എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി മന്ത്രി

2006 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 90 ഫ്ളാറ്റുകളുടെ രജിസ്ട്രേഷന്‍. ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമല്ലെന്ന് മന്ത്രി
ഏത് മുഖ്യമന്ത്രി ?; മരടിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനും ഫ്ലാറ്റുണ്ടോ എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി മന്ത്രി

തിരുവനന്തപുരം : നിയമ വിരുദ്ധനിര്‍മാണത്തെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ വിവാദ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനും ഫ്ലാറ്റുണ്ടോ എന്ന ചോദ്യത്തിന് വിചിത്രമായ മറുപടിയുമായി സർക്കാർ. നിയമസഭയിലാണ് കോൺ​ഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വിചിത്ര മറുപടി.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പേരില്‍ ഹോളി ഫെയ്ത്തില്‍ ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് വിലയാണ് പ്രസ്തുത ഫ്ളാറ്റ് രജിസ്ട്രേഷന്‍ രേഖകളില്‍ കാണിച്ചിട്ടുള്ളത്? വിശദമാക്കാമോ? എന്നായിരുന്നു എൽദോസിന്റെ ചോദ്യം. അം​ഗത്തിന്റെ ചോദ്യം വ്യക്തമായില്ല. ഏത് മുഖ്യമന്ത്രി. 2006 മുതൽ 2016 വരെ നിരവധി മുഖ്യമന്ത്രിമാരുണ്ടായിരുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2006 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 90 ഫ്ളാറ്റുകളുടെ രജിസ്ട്രേഷന്‍. ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമല്ലാത്തതിനാല്‍ മറുപടി പറയാന്‍ കഴിയുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനും ഫ്ലാറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യം അദ്ദേഹവും തുറന്നു സമ്മതിച്ചിരുന്നു. ഫ്ലാറ്റ് വാങ്ങിയതിൽ അഴിമതിയുള്ളതിനാലാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ മിണ്ടാത്തതെന്നും മന്ത്രി ജി സുധാകരന് സ്വബുദ്ധി നഷ്ടപ്പെട്ടെന്നും എംഎല്‍എ പ്രതികരിച്ചു. ജനങ്ങള്‍ക്ക് അറിയാനുളള അവകാശമുണ്ട്. ആ അവകാശം ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. ജനങ്ങള്‍ ഒന്നും അറിയേണ്ട എന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com