കാസര്‍കോട്ടുകാരെ 'വട്ടം കറക്കി'; ഓട്ടോഡ്രൈവര്‍ക്കും ഉടമയ്ക്കും മുട്ടന്‍ പണി ; ലൈസന്‍സ് പോയി, പിഴ

വഴിയറിയാതെ വലഞ്ഞ കുടുംബത്തെ വട്ടംകറക്കിയ ഓട്ടോ ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരെ കടുത്ത നടപടിയുമായി മോട്ടാര്‍ വാഹന വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : കാസര്‍കോട്ടുനിന്നും കൊച്ചി നഗരത്തിലെത്തി വഴിയറിയാതെ വലഞ്ഞ കുടുംബത്തെ വട്ടംകറക്കിയ ഓട്ടോ ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരെ കടുത്ത നടപടിയുമായി മോട്ടാര്‍ വാഹന വകുപ്പ്. യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിന് ഓട്ടോ ഡ്രൈവര്‍ അരൂര്‍ സ്വദേശി ഹരൂണ്‍, വാഹന ഉടമ കുമ്പളം സ്വദേശി വിഷ്ണു തങ്കച്ചന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം ജോയിന്റെ ആര്‍ടിഒ മനോജ് നടപടിയെടുത്തത്.   

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ കുടുംബം ലോഡ്ജ് അന്വേഷിച്ച് ഹാരൂണിന്റെ ഓട്ടോയില്‍ കയറുകയായിരുന്നു. ലോഡ്ജിലെത്തിക്കാമെന്ന് പറഞ്ഞ വാഹനത്തില്‍ കയറ്റിയ ഹാരൂണ്‍, നഗരം മുഴുവന്‍ കറക്കിയശേഷം ലോഡ്ജ് ലഭിക്കില്ലെന്ന് പറഞ്ഞ് വഴിയില്‍ ഇറക്കിവിടുകയായിരുന്നു. കുടുംബത്തിന്റെ പക്കല്‍ നിന്നും ഓട്ടോക്കൂലിയായി 800 രൂപ വാങ്ങുകയും ചെയ്തു.

സംഭവത്തില്‍ പരാതിയുമായി കുടുംബം മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ജോയിന്റ് ആര്‍ടിഒ ഹാരൂണിനെയും വാഹന ഉടമയെയും വിളിച്ചുവരുത്തി. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട ജോയിന്റ് ആര്‍ടിഒ ഹാരൂണിന്റെ ഡ്രൈവര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഉടമ വിഷ്ണുവിനോട് 1000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു. ഇരുവരും മലപ്പുറത്ത് പോയി ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com