ഭക്ഷണത്തിനൊപ്പം അകത്തെത്തിയ ഇരുമ്പുകമ്പി അന്നനാളത്തിന് മുകളില്‍ കുടുങ്ങി ; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവിതം

തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്
ഭക്ഷണത്തിനൊപ്പം അകത്തെത്തിയ ഇരുമ്പുകമ്പി അന്നനാളത്തിന് മുകളില്‍ കുടുങ്ങി ; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവിതം

തിരുവനന്തപുരം : തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനായ യുവാവിനെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അന്നനാളത്തിന് മുകളില്‍ ഇരുമ്പുകമ്പി കുടുങ്ങിക്കിടക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഇരുമ്പുകമ്പി പുറത്തെടുത്തു. ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയതാണ് നേരിയ ഇരുമ്പുകമ്പിയെന്നാണ് നിഗമനം.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ തൊണ്ട പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. സി ടി സ്‌കാന്‍ പരിശോധനയില്‍ ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടു ചേര്‍ന്ന് ചെറിയ ലോഹക്കഷണം കണ്ടെത്തി. എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ക്കടത്തി പരിശോധന നടത്തിയെങ്കിലും കമ്പിക്കഷണം കണ്ടെത്താനായില്ല. ഒടുവില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

തത്സമയം എക്‌സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയിലാണ് കമ്പിക്കഷണം പുറത്തെടുത്തത്. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ.എന്‍.ടി. വിഭാഗത്തിലെ ഡോ. വേണുഗോപാല്‍, ഡോ. ഷൈജി, ഡോ. മെറിന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനന്‍, സ്റ്റാഫ് നഴ്‌സ് ദിവ്യ എന്‍.ദത്തന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com