മണിവാസകത്തെ കസ്റ്റഡിയിലെടുത്ത് വെടിവെച്ച് കൊന്നു ; ഏറ്റുമുട്ടല്‍ വീഡിയോ കൃത്രിമം ; മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ തണ്ടര്‍ ബോള്‍ട്ട് ആദിവാസികളെ ദ്രോഹിക്കുകയാണ്. ആദിവാസി വനിതകളെ ദേഹപരിശോധന നടത്തുന്നു
മണിവാസകത്തെ കസ്റ്റഡിയിലെടുത്ത് വെടിവെച്ച് കൊന്നു ; ഏറ്റുമുട്ടല്‍ വീഡിയോ കൃത്രിമം ; മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ

തിരുവനന്തപുരം : മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് സിപിഐ. അത്യാധുനിക ആയുധങ്ങളുമായെത്തിയ തണ്ടര്‍ ബോള്‍ട്ടിനെ നേരിടാനുള്ള ശാരീരിക അവസ്ഥയിലായിരുന്നില്ല മണിവാസകം. പ്രദേശം സന്ദര്‍ശിച്ച തങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് മണിവാസകത്തെ കസ്റ്റഡിയിലെടുത്ത ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്നതായി ആര്‍ക്കും വിശ്വസിക്കാനാകില്ല. ആഹാരം കഴിച്ചുകൊണ്ടിരുന്നവരെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. തങ്ങള്‍ പ്രദേശത്തുപോയപ്പോള്‍ മാവോയിസ്റ്റുകള്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടത്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ തണ്ടര്‍ ബോള്‍ട്ട് ആദിവാസികളെ ദ്രോഹിക്കുകയാണ്. ആദിവാസി വനിതകളെ ദേഹപരിശോധന നടത്തുന്നു. ഭയപ്പാടോടെയാണ് ആദിവാസികള്‍ കഴിയുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.  

മഞ്ചക്കണ്ടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട വീഡിയോ കൃത്രിമമാണെന്നും പ്രകാശ് ബാബു ആരോപിച്ചു. മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുമ്പോള്‍ പൊലീസുകാര്‍ ചരിഞ്ഞുകിടന്ന് വീഡിയോ പിടിക്കുകയായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ മണിവാസകത്തിന്റെ ഏറ്റുമുട്ടല്‍ വീഡിയോയും പിടിക്കാമായിരുന്നില്ലേ. വീഡിയോയില്‍ വെടിശബ്ദമാണുള്ളത്. ഇത് പൊലീസിന്റെ തോക്കില്‍ നിന്നുള്ളതാണോ, മാവോയിസ്റ്റുകളുടെ തോക്കില്‍ നിന്നുള്ളതാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഓഡിയോയില്‍ കൃത്രിമം നടന്നതായാണ് വിശ്വസിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണം. അതുവഴി മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂ. തങ്ങള്‍ പ്രദേശത്തുപോയി തെളിവെടുപ്പ് നടത്തിയതിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൈമാറുമെന്നും പ്രകാശ് ബാബു പറഞ്ഞു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തു എന്ന പേരില്‍ രണ്ട് പേരെ കൊഴിക്കോട് അറസ്റ്റ് ചെയ്ത നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഭരണഘടന പ്രകാരം ആശയപ്രചാരണം ക്രിമിനല്‍ കുറ്റമല്ല. യുഎപിഎ എന്ന കരിനിയമത്തെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ സര്‍ക്കാരാണ്, ആശയപ്രചാരണം നടത്തി എന്ന പേരില്‍ രണ്ടുപേര്‍ക്കെതിരെ ഈ നിയമം ചുമത്തിയിരിക്കുന്നത്. യുഎപിഎ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രകാശ് ബാബു ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com