മുഖ്യമന്ത്രി എത്തിയപ്പോള്‍ യുഎപിഎ ചുമത്തിയതില്‍ ഗൂഢാലോചന ;  സംശയം പ്രകടിപ്പിച്ച് കാനം

യുഎപിഎ അറസ്റ്റ് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. ഇടതുസര്‍ക്കാരിന്റെ നയമാണ് പൊലീസുകാര്‍ നടപ്പാക്കേണ്ടത്
മുഖ്യമന്ത്രി എത്തിയപ്പോള്‍ യുഎപിഎ ചുമത്തിയതില്‍ ഗൂഢാലോചന ;  സംശയം പ്രകടിപ്പിച്ച് കാനം

തിരുവനന്തപുരം : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയതിനെതിരെ സിപിഐ. എല്‍ഡിഎഫ് സര്‍ക്കാര്‍ യുഎപിഎ നിയമം ചുമത്തിയത് ജനാദിപത്യവിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിചാരണ കൂടാതെ തടവില്‍ വെയ്ക്കുന്ന കരിനിയമമാണ് യുഎപിഎ. ഈ നിയമത്തിനെതിരെ രാജ്യത്ത് സിപിഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായഭിന്നതയില്ല. യുഎപിഎ പോലുള്ള കരിനിയമത്തിനെതിരെ രംഗത്തുവന്ന പാര്‍ട്ടികളാണ് സിപിഐയും സിപിഎമ്മുമെന്നും കാനം പറഞ്ഞു.

യുഎപിഎ അറസ്റ്റ് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. യുഎപിഎ നിയമം ചുമത്തുമ്പോള്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വേണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. ഇടതുസര്‍ക്കാരിന്റെ നയമാണ് പൊലീസുകാര്‍ നടപ്പാക്കേണ്ടത്. മുഖ്യമന്ത്രി കോഴിക്കോട് എത്തിയപ്പോള്‍ യുഎപിഎ നിയമം ചുമത്തിയതില്‍ ഗൂഢാലോചന സംശയിക്കുന്നതായും കാനം പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ എടുക്കണമെങ്കില്‍ സുപ്രിംകോടതി തന്നെ നിശ്ചിതമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഐജിയുടെ അറിവില്ലാതെ ഇത്തരം നിയമം ചുമത്തരുതെന്ന് ഇടതുസര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചുവെന്നാരോപിച്ച് കോഴിക്കോട് പന്തിരാങ്കാവ് സ്വദേശികളായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റമായ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. ഈ നടപടി വിവാദമായതോടെ, മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിരിക്കുകയാണ്.  ഇതേ തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ഉത്തരമേഖല ഐജി അശോക് യാദവിനോട് ഡിജിപി ആവശ്യപ്പെട്ടു. പിന്നാലെ  യുവാക്കളെ പാര്‍പ്പിച്ച പന്തീരാങ്കാവ് സ്‌റ്റേഷനില്‍ ഐജി നേരിട്ടെത്തി.

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി വിമര്‍ശിക്കുന്ന ലഘുലേഖയില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമുണ്ടെന്നാണ് വിവരം. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സിപിഎമ്മിലും എതിര്‍പ്പുണ്ട്.

കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ യുഎപിഎ പോലുള്ള നിയമം ചുമത്താന്‍ പാടുള്ളായിരുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ അറസ്റ്റിലായ യുവാക്കളുടെ പങ്കാളിത്തത്തെക്കുറിച്ച് അറിയില്ല. അതേസമയം മാവോയിസ്റ്റ് ബന്ധമുള്ളവരുമായി സൗഹൃദമോ മറ്റോ ഉള്ളതിന്റെ പേരില്‍ യുഎപിഎ ചുമത്തുന്നതിനോട് യോജിപ്പില്ലെന്നും പി മോഹനന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com