'വേശ്യ' പരാമർശം; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു
'വേശ്യ' പരാമർശം; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

പാലക്കാട്: സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വിമർശനമുന്നയിച്ച സ്ത്രീക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പ്രയോഗം നടത്തിയ സംഭവത്തിലാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി ടിഎസ് ആഷിഷാണ് ഫിറോസിനെതിരെ പരാതി നൽകിയത്. 

ഫിറോസ് കുന്നംപറമ്പിലിന്‍റെ പ്രവർത്തനങ്ങൾക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ച യുവതിക്കെതിരെ ഫിറോസ് ഫെയ്സ്ബുക്ക് ലൈവിൽ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തു വന്നിരുന്നു.

ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി ഖമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍‌ശിച്ചിരുന്നു. ഇതിനു പിന്നാലെ ഫിറോസ് ലൈവ് വീഡിയോയിലൂടെ യുവതിക്ക് മറുപടി പറയുമ്പോൾ വേശ്യയെന്ന് പരാമർശിച്ചിരുന്നു. 

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫെയ്സ്ബുക്ക് ലൈവ്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തു യോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും ഫിറോസ് വീഡിയോയിൽ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com