വിവാഹദിവസം സുഹൃത്തുക്കള്‍ വക കാന്താരി ജ്യൂസ്; വിവാഹവേഷത്തില്‍ വധുവരന്മാര്‍ ആശുപത്രിയില്‍

കൊയിലാണ്ടി കാവുംവട്ടത്ത് വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ ഇരുവരെയും കാന്താരി മുളക് അരച്ച് കലക്കിയ വെളളം കുടിപ്പിച്ചതാണ് വിനയായത്
വിവാഹദിവസം സുഹൃത്തുക്കള്‍ വക കാന്താരി ജ്യൂസ്; വിവാഹവേഷത്തില്‍ വധുവരന്മാര്‍ ആശുപത്രിയില്‍

കോഴിക്കോട്: കല്യാണത്തിന് വധുവരന്മാരുടെ സുഹൃത്തുക്കളുടെ തമാശ അതിരുവിട്ട നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ കോഴിക്കോട് വിവാഹദിവസം നടന്ന സംഭവത്തില്‍ വധുവും വരനും ആശുപത്രിയിലായി.

കൊയിലാണ്ടി കാവുംവട്ടത്ത് വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ ഇരുവരെയും കാന്താരി മുളക് അരച്ച് കലക്കിയ വെളളം കുടിപ്പിച്ചതാണ് വിനയായത്. ശനിയാഴ്ച താലിക്കെട്ടിന് ശേഷം നവദമ്പതികള്‍ സദ്യ കഴിക്കാന്‍ ഇരുന്നു. ഈസമയത്ത് ജ്യൂസാണെന്ന് പറഞ്ഞ് നവദമ്പതികള്‍ക്ക് കാന്താരി മുളക് അരച്ച പാനീയം നല്‍കുകയായിരുന്നു. കുടിച്ച ഉടനെ വധു ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു.പിന്നാലെ വരനും.തുടര്‍ന്ന് ബന്ധുക്കള്‍ വിവാഹവസ്ത്രത്തില്‍ തന്നെ വധുവരന്മാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായയും തൊണ്ടയും പൊളളിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും  സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇതിനിടെ ആശുപത്രി കാഷ്യാലിറ്റിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം നടന്നു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. വധുവിനും വരനും പരാതിയില്ലെന്ന് എഴുനല്‍കിയതിനാല്‍ കേസെടുത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com