പൊലീസുകാര്‍ക്ക് തന്നിഷ്ടംപോലെ ചുമത്താനുള്ള വകുപ്പല്ല യുഎപിഎ; തിരുത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കും: വിമര്‍ശനവുമായി പി ജയരാജന്‍

സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥിതളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ വിമര്‍ശനം ശക്തമാകുന്നു
പൊലീസുകാര്‍ക്ക് തന്നിഷ്ടംപോലെ ചുമത്താനുള്ള വകുപ്പല്ല യുഎപിഎ; തിരുത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കും: വിമര്‍ശനവുമായി പി ജയരാജന്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥിതളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ വിമര്‍ശനം ശക്തമാകുന്നു. പൊലീസിന് എതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സര്‍ക്കാര്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നയം മനസ്സിലാക്കാത്ത പൊലീസിനെ തിരുത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കും. ഇപ്പോള്‍ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങള്‍ നിയമത്തോടുള്ള എതിര്‍പ്പല്ല, ഇടതുപക്ഷ സര്‍ക്കാരിനോടുള്ള എതിര്‍പ്പായാണ് അനുഭവപ്പെടുന്നത്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് കേസെടുക്കാനുള്ള വകുപ്പുണ്ട്. ആ വകുപ്പൊന്നും പോരാ, യുഎപിഎ തന്നെ പ്രയോഗിക്കണമെന്ന് ചില പൊലീസുകാര്‍ക്ക് തോന്നലുണ്ട്. പൊലീസുകാര്‍ക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പല്ല അത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ യുഎപിഎ ചുമത്താന്‍ പാടുള്ളു.

ഞങ്ങള്‍ക്ക് അനുമതിയൊന്നും പ്രശ്‌നമല്ല, കേസുമായി മുന്നോട്ടുപോകും, യുഎപിഎ തന്നെ ചുമത്തും എന്ന നിലപാട് ഒരു പൊലീസ് ഉദ്യോഗസ്ഥനും സ്വീകരിക്കാന്‍ കഴിയില്ല. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയസമീപനം വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com