പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും അഭിമന്യുവിനെ കുത്തിക്കൊന്നതും ഇതുകൊണ്ടാണ്; ക്യാമ്പസ് രാഷ്ട്രീയത്തിന് എതിരെ ഇ ശ്രീധരന്‍, കോടതിയെ സമീപിക്കും

സ്‌കൂളിലും കോളജിലും രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാന്‍ നിയമം നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇ ശ്രീധരന്‍.
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും അഭിമന്യുവിനെ കുത്തിക്കൊന്നതും ഇതുകൊണ്ടാണ്; ക്യാമ്പസ് രാഷ്ട്രീയത്തിന് എതിരെ ഇ ശ്രീധരന്‍, കോടതിയെ സമീപിക്കും

തിരുവനന്തപുരം: സ്‌കൂളിലും കോളജിലും രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാന്‍ നിയമം നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇ ശ്രീധരന്‍. നിയമനിര്‍മാണത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയം ക്യാമ്പസില്‍ കടന്നുകയറുന്നതാണ് പലപ്രശ്‌നങ്ങളുടെയും കാരണമെന്നും അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമനിര്‍മാണത്തിനെതിരെ താന്‍ പ്രസിഡന്റായുള്ള എഫ്.ആര്‍.എന്‍.വി എന്ന സന്നദ്ധ സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. വിദ്യാര്‍ഥികള്‍ക്ക് മൂല്യങ്ങള്‍ ഇല്ലാതാകുന്നതു മൂലമാണ് മഹാരാജാസില്‍ പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചതും, വിദ്യാര്‍ഥി കുത്തേറ്റു മരിച്ചതും, യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റതും പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. മൂല്യങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് രണ്ടുതവണ  വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ കണ്ടിട്ടും ഫലമുണ്ടായില്ല.

കഴിഞ്ഞ മന്ത്രിസഭായോഗമാണ് സ്‌കൂളുകളിലും കോളജുകളിലും യൂണിയന്‍ പ്രവര്‍ത്തനം നിയമവിധേയമാക്കാനുള്ള കരടുബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ ബില്‍ നിയമമാകുന്നതോടെ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാര്‍ഥിയൂണിയനുകള്‍ വരും. കേന്ദ്ര സര്‍വകലാശാലയും കല്‍പിത സര്‍വകലാശാലകളും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.

സ്‌കൂളുകളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നിരോധിക്കുകയും കോളജുകളില്‍ രാഷ്ട്രീയം നിയന്ത്രിക്കാന്‍ മാനേജ്‌മെന്റിന് അധികാരം നല്‍കുകയും ചെയ്ത കോടതിവിധികളെ പരോക്ഷമായി മറികടക്കുന്നതാകും പുതിയ നിയമം. വിദ്യാര്‍ഥി യൂണിയനുകള്‍ രൂപീകരിക്കാനും ന്യായമായ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണു വരുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ പരിഹരിക്കാന്‍ അതോറിറ്റി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിരമിച്ച ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനാകണം. പരാതിപരിഹാര നിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ചട്ടം ലംഘിക്കുന്ന മാനേജ്‌മെന്റിനു 10,000 രൂപ വരെ പിഴശിക്ഷ വിധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com