യുഎപിഎ കേസ് വാളയാര്‍ സംഭവത്തിലെ വീഴ്ച മറയ്ക്കാന്‍; സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്ന് ജോയ് മാത്യു

പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയും വാളയാര്‍ സംഭവത്തിലെ വീഴ്ചയും മറയ്ക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് യുയപിഎ ചുമത്തിയതെന്ന് ജോയ് മാത്യു ആരോപിച്ചു
യുഎപിഎ കേസ് വാളയാര്‍ സംഭവത്തിലെ വീഴ്ച മറയ്ക്കാന്‍; സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്ന് ജോയ് മാത്യു

കൊച്ചി: മാവോയിസ്റ്റ് ലഘുലേഖകള്‍ സൂക്ഷിച്ചതിന്റെ പേരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയ പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. യുഎപിഎ കരിനിയമമാണെന്നും വിചാരണയില്ലാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് സിപിഎം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.  ഇതില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ യുഎപിഎ ചുമത്തിയത് മുന്നണിയിലെ രണ്ടാം കക്ഷി പോലും ചോദ്യം ചെയ്യുകയാണ്. അതിനിടെ പാര്‍ട്ടിയില്‍ തന്നെ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെയും പി ജയരാജന്റെയും വാക്കുകള്‍. ഇപ്പോള്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

യുഎപിഎ കേസ് മറയെന്ന് ജോയ് മാത്യൂ ആരോപിച്ചു.പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയും വാളയാര്‍ സംഭവത്തിലെ വീഴ്ചയും മറയ്ക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയതെന്ന് ജോയ് മാത്യു ആരോപിച്ചു. സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ജോയ് മാത്യൂ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിലും സര്‍ക്കാരിനെതിരെ ജോയ് മാത്യു തിരിഞ്ഞിരുന്നു. ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ, വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്‌റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയന് അഭിനന്ദനങ്ങള്‍ എന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com