രണ്ടു വര്‍ഷക്കാലമാണ് ഞാന്‍ അലഞ്ഞു തിരിഞ്ഞത്; ഒറ്റപ്പെടല്‍, ഓട്ടപ്പാച്ചില്‍...അത്രയേറെ മടുപ്പും നിരാശയും...: യുഎപിഎ കേസില്‍ മുമ്പ് അറസ്റ്റിലായ നദീര്‍ പറയുന്നു

എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?അലനും താഹയും ചെയ്ത തെറ്റ് എന്താണ്?
രണ്ടു വര്‍ഷക്കാലമാണ് ഞാന്‍ അലഞ്ഞു തിരിഞ്ഞത്; ഒറ്റപ്പെടല്‍, ഓട്ടപ്പാച്ചില്‍...അത്രയേറെ മടുപ്പും നിരാശയും...: യുഎപിഎ കേസില്‍ മുമ്പ് അറസ്റ്റിലായ നദീര്‍ പറയുന്നു

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുമ്പ് സമാനമായ കേസില്‍ അറസ്റ്റിലായ നദീര്‍. എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?അലനും താഹയും ചെയ്ത തെറ്റ് എന്താണ് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിച്ചു.

'പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, ചെങ്കൊടി വീട്ടില്‍ സൂക്ഷിക്കുന്ന, പുതിയ ചിന്താധാരകളെ പഠിക്കാന്‍ ശ്രമിക്കുന്ന, സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്പോള്‍ പേടി കൂടുന്നു.
സത്യം... എനിക്കീ പോലീസിനെ പേടിയാണ്.'-നദീര്‍ കുറിക്കുന്നു.

'ഭരണകൂടത്തിന്റെ ഓരോ ചികിത്സയും കഴിഞ്ഞു പുറത്തിറങ്ങുന്നവരില്‍ ഭൂരിഭാഗത്തിന്റെയും തലച്ചോറിനുള്ളില്‍ പുകമറവുകള്‍ മാത്രമായിരിക്കും ബാക്കി..അത്രയേറെ മടുപ്പും നിരാശയും തോന്നിപ്പോകും. തുടക്കത്തില്‍ നാനാതുറകളിലും നിന്ന് ഉണ്ടാകുന്ന പിന്തുണകളില്‍ ആശ്വാസം തോന്നുമെങ്കിലും പിന്നീടുള്ള ഒറ്റപ്പെടല്‍, ഓട്ടപ്പാച്ചില്‍...'- നദീര്‍ പറയുന്നു.

2017 ഡിസംബറിലാണ് നദീറിന് എതിരെ യുഎപിഎ ചുമത്തി കണ്ണൂര്‍ ആറളം പൊലീസ് കേസെടുത്തത്. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. നദീറിനെ കസ്റ്റഡിയിലെടുത്തതും ബാലുശ്ശേരിയിലുള്ള വീട്ടില്‍ പരിശോധന നടത്തിയതും ഏറെ വിവാദമായിരുന്നു. ഒന്നരവര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവില്‍ നദീറിന് എതിരെ തെളിവില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

നദീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:


ഇന്നലെ കോഴിക്കോട്ടെ അടുത്ത ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാണ് അലന്‍ അറസ്റ്റില്‍ ആയ വിവരം അറിയുന്നത്..ഖത്തറിലെ വര്‍ത്തമാനകാല ജീവിത ദുരിതക്കഴത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കൊന്നും ഇല്ലാത്തതിനാല്‍ വാര്‍ത്തകളൊന്നും ശ്രദ്ധിക്കാറെ ഇല്ല.

അലന്റെ ചെറുപ്പ കാലം മുതലേ അലനെ എനിക്കറിയാം. ചെറുപ്പം എന്ന് പറഞ്ഞാല്‍ അവനിപ്പോഴും പത്തൊന്‍പത് വയസേ ആയിട്ടുള്ളൂ എന്നോര്‍ക്കണം. കോഴിക്കോട് നടക്കാറുള്ള കുട്ടികളുടെ സാഹിത്യ, നാടക ക്യാമ്പുകളിലും ബാലസംഘം പരിപാടികളിലും എല്ലാം അലന്‍ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്. സി.പി.എം രാഷ്ട്രീയത്തിന് പുറമെ സമകാലീന രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ എത്രത്തോളം സൂക്ഷ്മമായി അലന്‍ ശ്രദ്ധിക്കുന്നു എന്നത് അവന്റെ ഫേസ്ബുക്കില്‍ നിന്ന് വ്യക്തമാണ്.

എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?
അലനും താഹയും ചെയ്ത തെറ്റ് എന്താണ്?

ഏറെ കാല്പനികമായ ചോദ്യമാണ് എന്നറിയാം.അന്നു മുതല്‍ എന്നോടു പലരും ഞാന്‍ തന്നെ സ്വന്തം മനസാക്ഷിയോടും ചോദിച്ചു മടുത്ത ചോദ്യം.ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാ രോഗം ആയി മാറിയ ഭീകര കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതിനാല്‍ തന്നെ ചോദ്യം നാലായി ചുരുട്ടി മാറ്റിവെക്കുന്നതായിരിക്കും നല്ലത്.

ഇന്നലെ സജിത ചേച്ചിയുടെ പോസ്റ്റ് കണ്ടപ്പോള്‍ വാട്‌സാപ്പില്‍ ചേച്ചീ നദിയാണ് എന്ന് മാത്രം ഒരു മെസേജ് അയച്ചിരുന്നു, ഇത്തരമൊരു കൂനാംകുരുക്കില്‍ നിന്നും രക്ഷപ്പെട്ടു വന്ന എന്റെ മെസേജ് അവര്‍ക്കൊരു ധൈര്യം നല്‍കുമെന്ന തോന്നലായിരുന്നു കാരണം..
ചേച്ചി മാസങ്ങള്‍ക്കു ശേഷമുള്ള എന്റെ ഒരു മെസേജ് കണ്ട് എല്ലാം ഓര്‍ത്തെടുത്തു സമാധാനിച്ചിട്ടുണ്ടായേക്കാം..

അലനെക്കാള്‍ എന്നെ അലട്ടുന്നത് താഹ എന്ന എനിക്കറിയാത്ത ആ മാധ്യമ വിദ്യാര്‍ത്ഥി ആണ്. അലന് വലിയ രീതിയിലുള്ള സാമൂഹ്യ പിന്തുണ ഉണ്ട്. കോഴിക്കോട് സിപിഐഎമ്മിന്റെ ആദ്യ കാല പ്രവര്‍ത്തകരില്‍ പ്രമുഖ ആയിരുന്ന സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകന്‍ ആണ് അലന്‍. കോഴിക്കോട് ഭാഗങ്ങളില്‍ സജീവമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന ഷുഹൈബ്ക്കയും സബിത ചേച്ചിയുമാണ് അലന്റെ മാതാപിതാക്കള്‍. വലിയമ്മ സജിത മഠത്തില്‍ നാടക സിനിമ മേഖലകളില്‍ പ്രശ്‌സത. വിഷയം വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.

താഹ മാത്രമായിരുന്നു ഈ കുരുക്കില്‍ പെട്ടതെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ..എത്ര ഭീകരമായിരുന്നേനെ. റെയ്ഡിനിടെ താഹയെകൊണ്ട് പോലീസ് നിര്‍ബന്ധിച്ചു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് മാതാവ് പറയുന്നത്. ശേഷം വാ പൊത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്രേ.

ഏത് കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇന്നലെ ചില വീടുകളിലെയെങ്കിലും ചെറുപ്പക്കാരോട് സൂക്ഷിക്കണമെന്നും അധികം വൈകാതെ വീട്ടില്‍ വരണമെന്നും അനാവശ്യ കൂട്ടുകെട്ടുകളിലും സമരങ്ങളിലും ഒന്നും പങ്കെടുക്കരുതെന്നും മാതാപിതാക്കള്‍ പലയാവര്‍ത്തി പറഞ്ഞു കാണില്ലേ, അവരുടെ വേവലാതികളെല്ലാം കൊണ്ട് കുട്ടികളുടെ മുറി മുഴുവന്‍ പരിശോധിച്ച് നാളെ ഇതെന്റെ കുട്ടിക്കും വന്നേക്കും എന്നോര്‍ത്ത് ഉറങ്ങാതെ കിടന്നു കാണില്ലേ..ഇത് തന്നെയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്.. ഓരോ അറസ്റ്റിനും ചാപ്പകുത്തലിനും അനന്തരം അവര്‍ തന്നെ വിജയിക്കുന്നു.

പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ചെങ്കൊടി വീട്ടില്‍ സൂക്ഷിക്കുന്ന പുതിയ ചിന്താധാരകളെ പഠിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്പോള്‍ പേടി കൂടുന്നു..
സത്യം.. എനിക്കീ പോലീസിനെ പേടിയാണ്.

പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാര്‍ ഉറങ്ങാന്‍ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു. എത്ര ദിവസം വേണമെങ്കിലും ഉറങ്ങാതിരിക്കാന്‍ കഴിയും എന്നൊക്കെ ആവേശപൂര്‍വ്വം സംസാരിക്കാമെങ്കിലും ശാരീരിക മര്‍ദ്ദനത്തെക്കാള്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഭീകരം.
തൂക്കാന്‍ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാല്‍ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പോലീസ് രാജ്യത്തിലാണ് നമ്മളിന്ന്. പേടിച്ചേ മതിയാകു..എന്നെ അരാഷ്ട്രീയ വാദി ആക്കിയാലും കുഴപ്പമില്ല.

ഭരണകൂടത്തിന്റെ ഓരോ ചികിത്‌സയും കഴിഞ്ഞു പുറത്തിറങ്ങുന്നവരില്‍ ഭൂരിഭാഗത്തിന്റെയും തലച്ചോറിനുള്ളില്‍ പുകമറവുകള്‍ മാത്രമായിരിക്കും ബാക്കി..അത്രയേറെ മടുപ്പും നിരാശയും തോന്നിപ്പോകും. തുടക്കത്തില്‍ നാനാതുറകളിലും നിന്ന് ഉണ്ടാകുന്ന പിന്തുണകളില്‍ ആശ്വാസം തോന്നുമെങ്കിലും പിന്നീടുള്ള ഒറ്റപ്പെടല്‍, ഓട്ടപ്പാച്ചില്‍....

ഒന്നര രണ്ടു വര്‍ഷക്കാലമാണ് ഞാന്‍ അലഞ്ഞു തിരിഞ്ഞത്. മുട്ടാത്ത വാതിലുകള്‍ ഉണ്ടായിരുന്നില്ല..
ഇന്നും ഉണങ്ങാത്ത നോവുമായി ജീവിക്കുമ്പോള്‍ പോലീസിനെ പേടിയില്ല എന്ന് പറയാന്‍ എനിക്കാവില്ല..

പ്രതികരിക്കാനും പ്രതിഷേധിക്കാനും ധൈര്യമുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു വരണം..
യു എ പി എ എന്ന് ഭീകര നിയമം റദ്ദ് ചെയ്യണം..
എല്ലാവരും എഴുതണം...

ബ്രഹ്ത് തന്റെ  The anxieties of the régime കൃതിയില്‍ ചോദിക്കുന്നുണ്ട്, '' എന്തുകൊണ്ടാണ് അവര്‍ തുറന്ന ഒരു വാക്കിനെ ഭയക്കുന്നത്? എന്തുകൊണ്ടാണ് സര്‍വ്വസന്നാഹങ്ങളുമുള്ള അവര്‍ ഒരു സാധാരണ മനുഷ്യന്റെ പോലും സ്വതന്ത്രമായ വാക്കുകളെ ഭയക്കുന്നത്? കാരണം, അവര്‍ക്കറിയാം പട്ടാളങ്ങള്‍ക്ക് മറിച്ചിടാന്‍ കഴിയാത്ത അസ്സിറിയന്‍ കോട്ടകള്‍ അതിനകത്ത് സ്വതന്ത്ര്യമായ ഒരൊറ്റ വാക്കിന്റെ ഉച്ചാരണത്തിലൂടെ തകര്‍ന്നുപൊടിയായ കഥകള്‍.. '

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com