വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം രണ്ടുതവണ കേന്ദ്രത്തെ അറിയിച്ചിരുന്നു: വാട്‌സ്ആപ്പ്

രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വിവരം രണ്ടു തവണ ഇന്ത്യയെ അറിയിച്ചിരുന്നെന്ന് സാമൂഹ്യ മാധ്യമമായ വാട്‌സ്ആപ്പ്.
വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം രണ്ടുതവണ കേന്ദ്രത്തെ അറിയിച്ചിരുന്നു: വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വിവരം രണ്ടു തവണ ഇന്ത്യയെ അറിയിച്ചിരുന്നെന്ന് സാമൂഹ്യ മാധ്യമമായ വാട്‌സ്ആപ്പ്. ഇതു സംബന്ധിച്ച് കഴിഞ്ഞ മേയ് മാസത്തില്‍ വിവരം നല്‍കിയത് കൂടാതെ സെപ്റ്റംബര്‍ മാസത്തിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നെന്ന്  വാട്‌സ്ആപ്പ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

സുരക്ഷാ വീഴ്ച സംബന്ധിച്ച് വാട്‌സ്ആപ്പ് ഒരു വിവരവും നല്‍കിയിരുന്നില്ലെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇസ്രായേലി സ്‌പൈവെയര്‍ ആയ പെഗാസസ് വഴി ചോര്‍ത്തിയതായി സര്‍ക്കാരിനെ അറിയിച്ചിരുന്നതായി വാട്‌സ്ആപ്പ് വെളിപ്പെടുത്തിയത്. ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവര ചോര്‍ച്ച സംബന്ധിച്ച് സെപ്റ്റംബറില്‍ വാട്‌സ്ആപ്പ് അയച്ച കത്ത് ലഭിച്ചതായി ഐടി മന്ത്രാലയം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ കത്തില്‍ നല്‍കിയ വിവരങ്ങള്‍ അവ്യക്തമായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. 121 പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായി കത്തില്‍ പറഞ്ഞിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതം എന്തായിരുന്നെന്ന് വ്യക്തമാക്കിയിരുന്നില്ല. ആരുടെയൊക്കെ വിവരങ്ങള്‍, ആരു ചോര്‍ത്തി തുടങ്ങിയ വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം പറയുന്നു.

മേയ് മാസത്തിലുണ്ടായ ഒരു സുരക്ഷാ പ്രശ്‌നം ഉടന്‍തന്നെ തങ്ങള്‍ പരിഹരിക്കുകയും ഇന്ത്യന്‍ അധികൃതരെയും ബന്ധപ്പെട്ട അന്താരാഷ്ട്ര കേന്ദ്രങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നതായും വാട്‌സ്ആപ്പ് വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു. സുരക്ഷാ വീഴ്ചയ്ക്ക് ഇരയായവരെ കണ്ടെത്താനും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കമ്പനി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നെന്നും കമ്പനി വ്യക്തമാക്കി.

പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരായ 25 പേരുടെ ഫോണ്‍വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തിയെന്ന് കഴിഞ്ഞ ദിവസമാണ് വാട്‌സാപ്പ് വെളിപ്പെടുത്തിയത്. 20 രാജ്യങ്ങളിലെ 1400 പ്രമുഖരുടെ വിവരം പെഗാസസ് ഉപയോഗിച്ച് വാട്‌സാപ്പ് വഴി ചോര്‍ത്തിയതാണ് വിവാദമായിരിക്കുന്നത്. ഇതിന്റെ പേരില്‍ എന്‍എസ്ഒ ഗ്രൂപ്പിനെതിരേ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍കോടതിയില്‍ വാട്‌സ്ആപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്ക് കേസുകൊടുത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com