2183 വിള്ളലുകളും അപകടകരമായ ആറ് വളവുകളും ; 99 വിള്ളലുകള്‍ക്ക് മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പം ; പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസംഘം ; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ചെറിയാന്‍ വര്‍ക്കിക്ക് പുറമെ, ആര്‍ഡിഎസുമാണ് ടെണ്ടര്‍ നല്‍കിയത്. മൂന്നാമത്തെ കമ്പനി ആര്‍ഡിഎസിന്റെ ബിനാമിയാണെന്നും വിജിലന്‍സ്  കണ്ടെത്തി
2183 വിള്ളലുകളും അപകടകരമായ ആറ് വളവുകളും ; 99 വിള്ളലുകള്‍ക്ക് മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പം ; പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസംഘം ; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകളില്‍ മാത്രം 2183 വിള്ളലുകള്‍ സംഭവിച്ചതായാണ് കണ്ടെത്തല്‍. 99 വിള്ളലുകള്‍ക്ക് മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ടെന്നും ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ വീണ്ടും വലുതാകാനിടയുണ്ടന്നും  തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി പി ശിവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരമാവധി 0.33 പൊട്ടല്‍ അകലം മാത്രമേ വരാന്‍ പാടുള്ളൂ.

പാലത്തില്‍ 2183 വിള്ളലുകള്‍ക്ക് പുറമെ, ഗര്‍ഡറുകളില്‍ അപകടകരമായ രീതിയില്‍ ആറ് വളവുകളും ( ബെന്‍ഡ്) കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗമാണ് ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള ഭാഗവും പരിശോധിച്ചുവരികയാണ്. പിയര്‍ക്യാപ്പില്‍ 83 വിള്ളല്‍ കണ്ടെത്തി. ഇതില്‍ അഞ്ചെണ്ണം 0.33 മില്ലിമീറ്ററില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേല്‍പ്പാലം ഗുരുതരാവസ്ഥയിലാണെന്ന് ചെന്നൈ ഐഐടി ഉള്‍പ്പെടെ കണ്ടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് നിയമിച്ച പ്രത്യേക അന്വേഷണസമിതികളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നത്.

തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ സ്ട്രക്ചറല്‍ വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗവും നല്‍കിയ സംയുക്തറിപ്പോര്‍ട്ടാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് മൂന്ന് കമ്പനികളാണ് കരാര്‍ സമര്‍പ്പിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിന് പുറമെ, ആര്‍ഡിഎസുമാണ് ടെണ്ടര്‍ നല്‍കിയത്. മൂന്നാമത്തെ കമ്പനി ആര്‍ഡിഎസിന്റെ ബിനാമിയാണെന്നും വിജിലന്‍സ് സംഘം കണ്ടെത്തി. ബാങ്ക് ഗ്യാരണ്ടി കൈപ്പറ്റിയത് ഒരാളാണെന്നും തെളിഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കിയ ചെറിയാന്‍ വര്‍ക്കിയെ ഒഴിവാക്കാനാണ് ഇത്തരത്തില്‍ കൃത്രിമം നടത്തിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com