യുഎപിഎ ചുമത്തിയത് പരിശോധിക്കും, ദുരുപയോഗം അനുവദിക്കില്ല ; മുഖ്യമന്ത്രി നിയമസഭയില്‍

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്
യുഎപിഎ ചുമത്തിയത് പരിശോധിക്കും, ദുരുപയോഗം അനുവദിക്കില്ല ; മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം : കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് സംഭവത്തില്‍ വ്യക്തമായ പരിശോധന നടത്തി സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇയാളുടെ വീട്ടില്‍ നിന്നും മാവോയിസ്റ്റ് അനുകൂല പുസ്തകം കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് അറസ്റ്റില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ലഘുലേഖ കൈയിലുള്ളതുകൊണ്ട് ഒരാള്‍ മാവോയിസ്റ്റാകില്ല. കോടതിയിലുള്ള കേസ് എങ്ങനെ പുനഃപരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണങ്ങളെ തള്ളിപ്പറഞ്ഞില്ല.

മൂന്നു പേര്‍ പന്തീരാങ്കാവില്‍ നില്‍ക്കുമ്പോള്‍ പൊലീസെത്തുന്നു. പട്രോളിംഗ് സംഘമെത്തിയപ്പോള്‍ ഒരാള്‍ ഓടിപ്പോകുന്നു. പൊലീസ് പരിശോധിച്ചപ്പോള്‍ അലന്റെ ബാഗില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖയും പുസ്തകങ്ങളും കണ്ടെടുത്തു. ഇരുവരുടെയും വീട്ടില്‍ പരിശോധന നടത്തി. താഹയുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇരുവരും നഗരമാവോയിസ്റ്റ് ആണെന്ന പൊലീസ് വാദം മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com