എരുമേലിയിലോ പമ്പയിലോ പിണറായിയുടെ പ്രതിമ സ്ഥാപിക്കണം; ശബരിമലയില്‍ 'നവോത്ഥാനം' നടപ്പിലാക്കിയ വിപ്ലവകാരിയെന്ന് എംഎം ഹസ്സന്‍

ഗോപാല കഷായം എന്ന പേരിട്ട് എ കെ ജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ ഒരു കാര്യം കൂടി പടിയിറങ്ങുന്നതിന് മുന്‍പായി ചെയ്യണം
എരുമേലിയിലോ പമ്പയിലോ പിണറായിയുടെ പ്രതിമ സ്ഥാപിക്കണം; ശബരിമലയില്‍ 'നവോത്ഥാനം' നടപ്പിലാക്കിയ വിപ്ലവകാരിയെന്ന് എംഎം ഹസ്സന്‍

ആലപ്പുഴ: സിപിഎം നേതാവായ എകെ ഗോപാലന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയാണ് അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായമെന്ന് നാമകരണം ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ എംഎം ഹസ്സന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന പദ്മകുമാറിന്റെ ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരമാണ് ഇതെന്നും ഹസ്സന്‍ പരിഹസിച്ചു.

'മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്‍ പായസത്തിന് ചവര്‍പ്പുള്ള കഷായത്തിന്റെ പേര് ചേര്‍ത്ത് ഗോപാല കാഷായമെന്ന് പേര് ഇടുന്നത് ചരിത്ര താളുകളില്‍ നിന്ന് കണ്ടെത്തിയതാണെന്നാണ് പദ്മകുമാറിന്റെ അവകാശവാദം.  ഗോപാല കഷായം എന്ന പേരിട്ട് എ കെ ജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ ഒരു കാര്യം കൂടി പടിയിറങ്ങുന്നതിന് മുന്‍പായി ചെയ്യണം. എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടില്‍ ശബരിമലയില്‍ 'നവോത്ഥാനം' നടപ്പിലാക്കിയ വിപ്ലവകാരി' എന്ന് എഴുതി വയ്ക്കണം' ഹസ്സന്‍ പറഞ്ഞു.

പദ്മകുമാറിന്റെ കാലഘട്ടത്തില്‍ എ കെ ജിക്കും പിണറായിക്കും ശബരിമലയില്‍ രണ്ടു സ്മാരകങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ ഇടം പിടിക്കാമെന്നും ഹസ്സന്‍ പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com