ഗട്ടറില്‍ ചാടാതെ വാഹനം ഓടിച്ചെത്തുന്നവര്‍ക്ക് 1001 രൂപയും ഫുള്‍ടാങ്ക് ഇന്ധനവും സമ്മാനം ; വേറിട്ട സമരവുമായി നാട്ടുകാര്‍ ; വിജയികളില്ല, പ്രോല്‍സാഹന സമ്മാനമായി ലഡു

തൂക്കുപാലം-പുഷ്പകണ്ടം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി : പത്തുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന, ഗതാഗത യോഗ്യമല്ലാത്ത റോഡ് നന്നാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ വേറിട്ട സമരം. നെടുങ്കണ്ടം തൂക്കുപാലം-പുഷ്പകണ്ടം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയത്. ഗട്ടര്‍ നിറഞ്ഞ മൂന്ന് കിലോമീറ്റര്‍ ദൂരം ഗട്ടറില്‍ ചാടാതെ ബൈക്ക് ഓടിച്ചെത്തുന്നവര്‍ക്ക് 1001 രൂപയും ഫുള്‍ ടാങ്ക് ഇന്ധനവും സമ്മാനം നല്‍കുമെന്നാണ് സമരക്കാര്‍ പ്രഖ്യാപിച്ചത്.

പ്രദേശത്തെ പത്ത് ബൈക്കുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ മനുഷ്യ സാധ്യമല്ലാത്തതിനാല്‍ ആര്‍ക്കും തന്നെ ഒന്നാം സമ്മാനം നേടാനായില്ല. പകരം പ്രോത്സാഹന സമ്മാനമായ ലഡു വെച്ച് അഡ്ജസ്റ്റ് ചെയ്തു. പ്രതിഷേധ സമരം പുഷ്പകണ്ടം ഹിദായത്തുല്‍ മുസ്‌ലിം ജമാഅത്ത് ഇമാം അബ്ദുല്‍ റഷീദ് മൗലവി ഉദ്ഘാടനം ചെയ്തു.

മത്സരത്തിനുശേഷം റോഡിനു ഇരുവശവും വളര്‍ന്നുനിന്ന കാടുകള്‍ നാട്ടുകാര്‍ വെട്ടി നീക്കംചെയ്തു. മത്സരത്തിനും കാടുവെട്ടാനും എത്തിയവര്‍ക്ക് നാട്ടുകാര്‍ ഭക്ഷണവും വിതരണം ചെയ്തു. നൂറുകണക്കിനു വിനോദസഞ്ചാരികളാണ് പുഷ്പകണ്ടത്തെ ഭീമന്‍ കാറ്റാടിയന്ത്രങ്ങള്‍ കാണാന്‍ എത്തുന്നത്.

കഴിഞ്ഞ മഴക്കാലത്തു റോഡിലുടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായി വന്‍ ഗര്‍ത്തമാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ പഞ്ചായത്ത് അധീനതയിലായിരുന്ന റോഡ് 2009ല്‍ പൊതുമരാമത്തിനു കൈമാറി. എന്നാല്‍ റോഡ് കൈമാറിയെന്ന പ്രമേയം പഞ്ചായത്ത് പാസാക്കി നല്‍കാത്തതാണ് നവീകരണത്തിനു തടസ്സം സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com