'അന്ന് ആരും വന്നില്ല ഞങ്ങളെ പിന്തുണയ്ക്കാന്‍, ഒരു നേതാവിനുമില്ലായിരുന്നു ആശങ്ക'

'അന്ന് ആരും വന്നില്ല ഞങ്ങളെ പിന്തുണയ്ക്കാന്‍, ഒരു നേതാവിനുമില്ലായിരുന്നു ആശങ്ക'
ഗൗരി പൊലീസ് കസ്റ്റഡിയില്‍ (ഫയല്‍)
ഗൗരി പൊലീസ് കസ്റ്റഡിയില്‍ (ഫയല്‍)

''ഞങ്ങള്‍ക്കു മാവോയിസ്റ്റുകളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയായ 'പോരാട്ട'ത്തിന്റെ പ്രവര്‍ത്തകരാണ്. എന്നിട്ടും എല്ലാവരും പൊലീസ് പറയുന്നതു വിശ്വസിച്ചു, യുഎപിഎയോട് എതിര്‍പ്പുള്ള സിപിഎം സര്‍ക്കാരിന് അന്ന് ഒരു ആശങ്കയുമില്ലായിരുന്നു, ഞങ്ങളുടെ കാര്യത്തില്‍' - മാവോയിസ്റ്റ് ബന്ധം ആരോപിച്് കേരള പൊലീസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച പോരാട്ടം പ്രവര്‍ത്തക എം ഗൗരി പറയുന്നു. തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചതിന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഗൗരിക്കും ചാത്തുവിനും ഏഴു മാസത്തോളമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്.

2016 മെയ് ആറിന് വയനാട്ടിലെ വെള്ളമുണ്ടയില്‍ വച്ചാണ് ഗൗരിയെയും ചാത്തുവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിക്കുകയായിരുന്നു ഇവര്‍. യുഡിഎഫ് ആയിരുന്നു അന്നു ഭരണത്തില്‍. (പത്തു ദിവസം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് ഭരണം വന്നു.) മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് യുഎപിഎയിലെ 39ാം വകുപ്പു ചുമത്തിയായിരുന്നു അറസ്റ്റ്. ഭീകര സംഘടനകളെ പിന്തുണച്ചെന്നായിരുന്നു കുറ്റം. ഇന്ത്യന്‍ ശിക്ഷാനിയമം 124എ പ്രകാരം രാജ്യദ്രോഹക്കുറ്റവും ചുമത്തി. 

പോരാട്ടം നിരോധിത സംഘടനയല്ലായിരുന്നു, ഇരുവരില്‍നിന്നും മാവോയിസ്റ്റ് സാഹിത്യമോ ബാനറുകളോ ഒന്നും കണ്ടെടുത്തുമില്ല. എന്നിട്ടും ആറു മാസത്തിലേറെയാാണ് മുപ്പതുകാരിയായ ഗൗരിക്ക് ജയിയില്‍ കഴിയേണ്ടിവന്നത്. നാലര വയസുള്ള കുഞ്ഞിന്റെ അമ്മയായ ഇവര്‍ക്കായി ഒരു ശബ്ദവും ഉയര്‍ന്നില്ല, യുഎപിഎയെ ഘോരഘോരം എതിര്‍ക്കുന്ന ഒരു നേതാവും അന്നു രംഗത്തുവന്നില്ല.

''ഞങ്ങള്‍ അതിനു മുമ്പും പോരാട്ടത്തിന്റെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്, അതിനായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. അന്ന് ഇരുളിന്റെ മറവിലല്ല, പകല്‍ മൂന്നു മണിയോടെയാണ് ഞങ്ങള്‍ പോസ്റ്റര്‍ പതിക്കാന്‍ പോയത്. ആരോ പൊലീസിനെ വിളിച്ചു പറയുകയായിരുന്നു, ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്നും പോസ്റ്റര്‍ പതിക്കുന്നുണ്ടെന്നും. അറസ്റ്റിലായപ്പോള്‍ ഞങ്ങള്‍ പോരാട്ടത്തിന്റെ മുദ്രാവാക്യങ്ങളാണ് വിളിച്ചത്, പൊലീസ് അതിനെ മാവോയിസ്റ്റ് മുദ്രാവാക്യമാക്കി'' - ഗൗരി പറയുന്നു.

പോരാട്ടം വയനാട് ജില്ലാ കണ്‍വീനറായ ഗൗരി ഇപ്പോള്‍ ജാമ്യത്തിലാണ്. മാസത്തില്‍ രണ്ടു തവണ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവണം. കാട്ടുനായ്ക്കന്‍ ഗോത്ര വിഭാഗത്തില്‍ പെട്ട ഗൗരിയെ കേസില്‍ പെട്ടതിനെത്തുടര്‍ന്ന് ഊരുകാര്‍ വിലക്കിയിരിക്കുകയാണ്. ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം ഊരില്‍ പോവാനായിട്ടില്ല. ഇപ്പോള്‍ ഭര്‍ത്താവ് അഷ്‌റഫിനൊപ്പം മാനന്തവാടിയിലാണ് താമസം. 

2016ല്‍ ചുമത്തിയ യുഎപിഎ അനുമതിക്കായി ഇതുവരെ അതോറിറ്റിയുടെ മുന്നില്‍ എത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com