അലനും താഹയും മാവോയിസ്റ്റുകളെന്ന് സമ്മതിച്ചു ; യുഎപിഎ പ്രകാരം കേന്ദ്രം നിരോധിച്ച പുസ്തകം കണ്ടെടുത്തെന്നും എഫ്‌ഐആര്‍

ബാഗില്‍ നിന്നും കോഡ് ഭാഷയിലുള്ള കുറിപ്പുകളും രേഖകളും ലഭിച്ചു. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ പുസ്തകങ്ങളും കണ്ടെടുത്തു
അലനും താഹയും മാവോയിസ്റ്റുകളെന്ന് സമ്മതിച്ചു ; യുഎപിഎ പ്രകാരം കേന്ദ്രം നിരോധിച്ച പുസ്തകം കണ്ടെടുത്തെന്നും എഫ്‌ഐആര്‍

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അലനും താഹയും സിപിഐ മാവോയിസ്റ്റാണെന്ന് സമ്മതിച്ചു. ഇവരുടെ കയ്യില്‍ ബാഗും പ്ലാസ്റ്റിക് കവറും ഉണ്ടായിരുന്നു. അലന്‍ ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ലഘുലേഖകള്‍ കണ്ടെടുത്തതെന്ന് പൊലീസ് എഫ്‌ഐ ആറില്‍ വ്യക്തമാക്കുന്നു.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, മാവോയിസ്റ്റ് വേട്ടക്കെതിരെ രംഗത്തിറങ്ങുക തുടങ്ങിയ ആഹ്വാനങ്ങളുള്ള നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും നോട്ടീസുകളും കണ്ടെടുത്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇവരുടെ ബൈക്കും ബാഗും ലഘുലേഖകളും കസ്റ്റഡിയിലെടുത്തു. ഇവ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇവരുടെ ബാഗില്‍ നിന്നും കോഡ് ഭാഷയിലുള്ള കുറിപ്പുകളും രേഖകളും ലഭിച്ചു. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ പുസ്തകങ്ങളും കണ്ടെടുത്തു. യുഎപിഎ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പുസ്തകമാണിതെന്ന് പൊലീസ് അറിയിച്ചു. കൂടാതെ താഹയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും കണ്ടെടുത്തതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ബാനറുകളും കൊടികളും പിടിച്ചെടുത്തെന്നും പൊലീസ് വിശദമാക്കുന്നു.

ഒന്നാം തീയതി വൈകീട്ട് പെരുമണ്ണ ടൗണില്‍ നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. ഇവര്‍ക്കൊപ്പമുള്ള ഒരു പ്രതി രക്ഷപ്പെട്ടതായും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. അലന്‍ 2015 മുതല്‍ നിരീക്ഷണ്തതിലായിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. റെയ്ഡിന്റെയും ചില സുപ്രധാന തെളിവുകളുടെയും ചിത്രങ്ങള്‍ പൊലീസ് നേരത്ത പുറത്തുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com